കോഴിക്കോട്: വടകരയിൽ ഒൻപത് വയസ്സുകാരിയെ കാറിടിച്ച് കടന്നു കളഞ്ഞ വാഹനത്തിൻ്റെ ഉടമയ്ക്ക് എതിരെ പുതിയ കേസ് എടുത്ത് പൊലീസ്. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിനാണ് പുതിയ കേസ്.
അപകടത്തിന് ശേഷം കാർ മതിലിൽ ഇടിച്ച് തകർന്നുവെന്ന് സ്ഥാപിച്ചാണ് ഷെജീൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും 30,000 രൂപ തട്ടിയത്. നിലവിൽ വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഷെജീൽ. കേസിൽ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇടിച്ച വണ്ടി കണ്ടെത്തിയതോടെ ഇൻഷുറനസ് കമ്പനിയിൽ നിന്നും കുട്ടിക്ക് സഹായം എത്തിക്കാനാണ് പൊലീസിൻ്റെ നീക്കം.
ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശിയുടെ മരണത്തിന് കാരണമാക്കുകയും ചെയ്ത അപകടത്തിന് ഷെജീൽ ദുബായിലേക്ക് പോകുകയും അവിടെ സൂപ്പർമാർക്കറ്റിൽ ജോലി തുടരുകയുമാണ്. പൊലീസ് ബന്ധപ്പെട്ടപ്പോൾ ആദ്യം ആരോപണം നിഷേധിച്ച ഷെജീൽ പിന്നീട് കുറ്റം സമ്മതിച്ചിരുന്നു. കുടുംബത്തിൽ സമ്മർദ്ദം ചെലുത്തി ഇയാളെ നാട്ടിലെത്തിക്കാൻ ഉള്ള ശ്രമത്തിലാണ് പൊലീസ്. സ്വമേധായ ഷെജീൽ തിരിച്ചു വരാത്ത പക്ഷം ഇൻ്റർപോൾ വഴി റെഡ് കോർണർ, ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കാനുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് പത്തുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്ന ദൃഷാന വാടക വീട്ടിലേക്ക് മാറിയിട്ടുണ്ട്. വീട്ടിലെ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ ദൃഷാനയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. കോഴിക്കോട് മെഡി.കോളേജിന് അടുത്തുള്ള വാടക വീട്ടിലാണ് ദൃഷാനയും കുടുംബവും ഇപ്പോൾ ഉള്ളത്. ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയ കേസിലെ പ്രതി ഷെജീലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്നും അയാൾക്ക് മാപ്പ് നൽകില്ലെന്നും കുടുംബം പ്രതികരിച്ചു. പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്നും ഭാര്യക്കെതിരെയും കേസെടുക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെടുന്നു..