ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്റുമാർ നടത്തുന്ന ചൂഷണം തടയാൻ ഒരുങ്ങി ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുളളവർക്കോ അധികാരമുളള വ്യക്തികൾക്കോ മാത്രമേ ഇനി ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ എന്നാണ് പുതിയ നിയമം.
മൃതദേഹം നാട്ടിലെത്തിക്കാനുളള ഫണ്ട് കോൺസുലേറ്റിൽ നിന്നും അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് ഓഫീസുകളിൽ നിന്നും ഒപ്പ് ആവശ്യമാണെന്ന പുതിയ നിയമവും കോൺസുലേറ്റ് കൊണ്ടു വന്നിരിക്കുകയാണ്. പ്രവാസികളുടെ കുടുംബങ്ങളെ ഏജന്റുമാർ ചൂഷണം ചെയ്ത സാഹചര്യങ്ങൽ നിരവധി ആയപ്പോളാണ് പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ട് വന്നിരിക്കുന്നത്.
എല്ലാ എമിറേറ്റുകളിലുടനീളമുള്ള സാമൂഹിക അസോസിയേഷനുകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട്. അവർ ഫീസ് വാങ്ങിക്കാതെ കുടുംബങ്ങൾക്ക് ഈ സേവനങ്ങൾ നൽകുന്നു.എന്നാൽ പുതിയ നിയമം കൂടുതൽ പ്രയാസം ഉണ്ടാക്കുമെന്ന് ചില സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) പുതിയ നിയമം ഗുണകരമാകുമെന്നും പറയുന്നു.