ഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനും ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ടായിരം രൂപ നോട്ടുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ എല്ലാ ശാഖകൾക്കും എസ്.ബി.ഐ മാർഗനിർദേശം നൽകിയിട്ടുണ്ട്. ബാങ്കിലെത്തുന്ന ഉപഭോക്താവിന് 20,000 രൂപയ്ക്ക് വരെ രണ്ടായിരം രൂപ നോട്ടുകൾ ഒറ്റതവണയായി മാറ്റി വാങ്ങാം.
നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണമെന്നും ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്നും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനിടെയാണ് എസ്.ബി.ഐയുടെ വിശദീകരണം. അതേസമയം 2000 രൂപ നോട്ടുകൾ ആളുകൾക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും മാറ്റാമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒരാൾ ക്യൂവിൽ നിൽക്കണം, പണം മാറ്റിയ ശേഷം തിരികെ ക്യൂവിൽ നിന്ന് വീണ്ടും പണം മാറ്റണം. ഒരു തവണ നോട്ടുകൾ മാറ്റിയാലും നിക്ഷേപിച്ചാലും വീണ്ടും ക്യൂവിൽ നിൽക്കുന്നതിന് നിയന്ത്രണമില്ലെന്നും ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കി.
2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്നും സെപ്തംബർ 30-നകം ആളുകൾക്ക് അവ മാറ്റുകയോ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ വേണമെന്നും റിസർവ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 19 പ്രാദേശിക ഓഫീസുകളിലൂടെയും മറ്റ് ബാങ്കുകളിലൂടെയും 2,000 രൂപയ്ക്ക് വരെ രണ്ടായിരം രൂപ കറൻസികൾ മാറ്റിയെടുക്കാമെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. “ക്ലീൻ നോട്ട് പോളിസി” പ്രകാരമാണ് രണ്ടായിരം രൂപ നോട്ട് പിൻവലിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നത്. ഒരു വ്യക്തിക്ക് കറൻസി കൈമാറ്റം ചെയ്യുന്നതിന് ഏതെങ്കിലും ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. അക്കൗണ്ട് അല്ലാത്ത ആൾക്കും 2000 രൂപയുടെ ബാങ്ക് നോട്ടുകൾ 20,000 രൂപയുടെ പരിധിയിൽ ഏത് ബാങ്ക് ശാഖയിലും മാറ്റി വാങ്ങാം.
2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന് മുമ്പാണ് പുറത്തിറക്കിയത്, ഈ നോട്ടുകളുടെ മൊത്തം മൂല്യം 2018 മാർച്ച് 31-ന് (പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനം) ഏറ്റവും ഉയർന്ന നിലയിലുള്ള 6.73 ലക്ഷം കോടി രൂപയിൽ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞു, മാർച്ച് 31-ന് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 10.8 ശതമാനം മാത്രം. ,” ആർബിഐ വിശദീകരിക്കുന്നു. നേരത്തെ 2013ലും ആർബിഐ പഴയ നോട്ടുകൾ പിൻവലിച്ചിരുന്നു.