തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ പോരിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാ ടിവിയിലെ ദൃശ്യങ്ങളിൽ നിന്നും തന്റെ പരാമർശ ഭാഗം നീക്കം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.മുഖ്യമന്ത്രിയും പാർലമെന്ററികാര്യമന്ത്രിയും സ്പീക്കറും പറഞ്ഞതു മാത്രം നൽകാനാണെങ്കിൽ എന്തിനാണ് സഭാ ടിവിയെന്നും സതീശൻ ചോദിച്ചു.
അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും സഭ പിരിയുന്ന അപൂർവ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ഇതിനു നൽക്കാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റും മാത്രമാണ് ഇന്നത്തേക്ക് സഭ ചേർന്നത്.
പ്രതിപക്ഷ നേതാവ് ആരാണെന്നുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ ചോദ്യം പ്രതിപക്ഷം ഏറ്റുപിടിക്കുകയായിരുന്നു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചത്. സ്പീക്കറുടേത് അപക്വമായ ചോദ്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു.