കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതിയിൽനിന്ന് ഭൂമിയുടെ പ്രതിവിധി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ മൂന്ന് പുതിയ കർമപദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുകയാണ് പുതിയ പദ്ധതികൾ ലക്ഷ്യം വയ്ക്കുന്നത്. പ്രാദേശിക തലത്തിലും മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്കൻ മേഖലയിലും ഇത്തരത്തിലുള്ള കാലാവസ്ഥ പ്രവർത്തനങ്ങൾ സൗദി അറേബ്യ നടത്തുന്നുണ്ട്. ഇത് ത്വരിതപ്പെടുത്തുന്നതിനു കൂടിയാണ് പുതിയ പദ്ധതികൾകൂടി ആരംഭിക്കുന്നത്.
ശറമുൽ ശൈഖിൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 27ാമത് കാലാവസ്ഥ സമ്മേളനത്തിന്റെ ഭാഗമായ ‘ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ഫോറത്തി’ന്റെ രണ്ടാംദിന പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ഇക്കാര്യം വ്യക്തമാക്കിയത്. സർക്കുലർ കാർബൺ സമ്പദ് വ്യവസ്ഥക്ക് വേണ്ടിയുള്ള വിജ്ഞാനകേന്ദ്രം സ്ഥാപിച്ച് ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റിവി’ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ കേന്ദ്രം. മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്കൻ രാജ്യങ്ങൾക്ക് നിർണയിച്ച സംഭാവനകൾ നടപ്പിലാക്കുന്നതിന് കേന്ദ്രം ഒരു പ്രധാന വേദിയായി മാറും. ഗ്രീൻ മിഡിലീസ്റ്റ് ഇനിഷ്യേറ്റിവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായികമാകുമെന്നും ഊർജ മന്ത്രി പറഞ്ഞു.
കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള വേഗം വർധിപ്പിക്കുന്നതിനായി ഒരു പ്രാദേശിക കേന്ദ്രം സ്ഥാപിക്കലാണ്. യു എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുമായി സഹകരിച്ചാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്. അതേസമയം കാർബൺ ഉദ്വമനം കുറക്കുന്നതിനും സർക്കുലർ കാർബൺ ഇക്കോണമി മോഡൽ സ്വീകരിക്കുന്നതിനെ ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണിത്.
ഇതിലൂടെ പ്രാദേശിക സഹകരണത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ സ്ഥാപിത ലക്ഷ്യം. ഈ മേഖലയിലെ രാജ്യങ്ങൾക്ക് ആഗോള കാലാവസ്ഥ സംവാദങ്ങളിൽ സജീവമായി പങ്കെടുക്കാനും ഉദ്വമനം കുറക്കാനുമുള്ള വ്യക്തമായ മാർഗരേഖ സജ്ജീകരിക്കാനും കേന്ദ്രം സഹായമൊരുക്കും. കൂടാതെ മധ്യപൗരസ്ത്യ ദേശത്തും വടക്കൻ ആഫ്രിക്കയിലും അടുത്തവർഷം കാലാവസ്ഥ വാരം ആചരിക്കാൻ സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതാണ് മൂന്നാമത്തെ കർമപദ്ധതി.’യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചു’മായി ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുക.