തിരുവനന്തപുരം: കാലവർഷം തുടങ്ങി രണ്ടാഴ്ച പിന്നിടും മുൻപേ സംസ്ഥാനത്ത് പനി സീസണും സജീവം. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ മാത്രം 13,000-ഓളം പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലുമായി പനിക്ക് ചികിത്സ തേടിയെത്തിയത്. 12,984 പേർ പനിക്ക് ചികിത്സ തേടിയെന്നാണ് കണക്ക്. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ ലഭ്യമല്ല എന്നിരിക്കെ അതിതീവ്രമായ രീതിയിൽ പനി വ്യാപിക്കുന്നതായി വേണം കണക്കാക്കാൻ.
സംസ്ഥാനത്ത് 110 പേർക്കാണ് ഇതുവരെ ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 43 എണ്ണവും എറണാകുളത്താണ്. 218 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. എട്ട് പേർക്ക് എലിപ്പനിയും മൂന്ന് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. പനി മരണം സംബന്ധിച്ച ഔദ്യോഗിക കണക്ക് സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. മരിച്ചവരിൽ 50-ന് താഴെ ഉള്ളവരും കുട്ടികളും ഉണ്ട് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് അതിതീവ്രമായ നിലയിൽ പനിവ്യാപനമുള്ളത്. ഇന്നലെ മാത്രം 2171 പേർക്ക് ജില്ലയിൽ പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് കേസുകള്‍. മലയോര മേഖലയായ വണ്ടൂർ, മേലറ്റൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന് സാഹചര്യവും ഇക്കുറിയുണ്ട്.
ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ സാമ്ബിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനിബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു.