തിരുവനന്തപുരം: കേരളത്തിലെ 30 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന അമൃത് സ്റ്റേഷൻ പദ്ധതി പ്രകാരം ഇതിനായി 303 കോടി രൂപയാണ് അനുവദിച്ചത്. നിലവിൽ നടപ്പാക്കുന്ന തിരുവനന്തപുരം, കൊല്ലം, എറണാകുളം സൌത്ത്,നോർത്ത് കോഴിക്കോട് സ്റ്റേഷനുകളുടെ നവീകരണത്തിന് പുറമേയാണ് തിരുവനന്തപുരം ഡിവിഷനിലേയും പാലക്കാട് ഡിവിഷനിലേയും 15 വീതം സ്റ്റേഷനുകൾക്കായി 195.54 കോടി രൂപ അനുവദിച്ചത്.
ദക്ഷിണ റെയിൽവേയിലെ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ലിഫ്റ്റുകൾ, നടപ്പാലങ്ങൾ, യന്ത്രഗോവണികൾ, പാർക്കിംഗ് സൌകര്യം, വിവരവിനിമയ സംവിധാനങ്ങൾ, ഫ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, യാത്രക്കാർക്ക് സൌകര്യങ്ങൾ , നിരീക്ഷണക്യാമറകൾ തുടങ്ങിയയെല്ലാം ഉൾപ്പെടുത്തിയാവും നവീകരണം. സ്റ്റേഷനുകളുടെ പ്രധാന്യം, യാത്രക്കാരുടേയും സർവ്വീസുകളുടേയും എണ്ണം എന്നീ കണക്കുകൾ നോക്കിയാണ് നവീകരണത്തിനുള്ള സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും സംസ്ഥാനത്തെ സ്റ്റേഷനുകൾക്ക് ലഭിക്കും.
നവീകരിക്കുന്ന സ്റ്റേഷനുകൾ –
വടക്കാഞ്ചേരി, നാഗർകോവിൽ, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, കുഴിത്തുറ, മാവേലിക്കര, ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂർ, വടകര, പയ്യന്നൂർ, നിലമ്പൂർ റോഡ്, കാസർകോട്, മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം