പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തളളിയും ശശി തരൂരിനെ പിന്തുണച്ചും കെ മുരളീധരൻ. തരൂരിന്റെ പാണക്കാട് സന്ദർശനത്തെ വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായി കാണരുതെന്നും അദ്ദേഹം ഗ്രൂപ്പ് ഉണ്ടാക്കാനല്ല ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂരിന് പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിനെതിരെ എതിരാളികള്‍ക്ക് ആയുധം കൊടുക്കരുതെന്നും മുരളീധരന്‍ കോൺഗ്രസ് നേതൃത്വത്തോട് പറഞ്ഞു.
ആളുകളെ വില കുറച്ച് കാണരുത്, കണ്ടാൽ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകുമെന്നും സതീശന്റെ പരാമര്‍ശത്തെ തള്ളി മുരളീധരന്‍ പറഞ്ഞു. സൗദിയെ വിലകുറച്ചു കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ട അവസ്ഥയാണ് വന്നത്. അതുകൊണ്ട് തരൂരിന്റെ പ്രസ്താവനയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
കോൺഗ്രസിൽ വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് പര്യടനവും സ്വീകരണവുമായി നടക്കുന്ന കോണ്‍ഗ്രസ് എം പി ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു സതീശന്റെ പ്രസ്താവന.