ഐ പി എൽ ൽ ഏറ്റവും കൂടുതൽ തവണ ‘ഡക്ക് ‘ ആയ താരം എന്ന റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിൽ. ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിൽ പൂജ്യം റൺസിന് പുറത്തതായതോടെയാണ് നാണക്കേടിന്റെ പുതിയ റെക്കോർഡ് രോഹിത് ശർമയുടെ പേരിലായത്.
ഇത് പതിനാറാം തവണയാണ് രോഹിത് ശർമ്മ ഐ പി എൽ ൽ പൂജ്യം റൺസിന് പുറത്താകുന്നത്. നേരത്തെ 15 തവണ ‘ഡക്കായ’ സുനിൽ നരെയ്ൻ ആയിരുന്നു ഏറ്റവും തവണ ഡക്കായ താരം. എന്നാൽ ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിൽ ദീപക് ചാഹറിന്റെ പന്തിൽ സ്കൂപ് ഷോട്ടിന് ശ്രമിച്ച് രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിയതോടെ സുനിൽ നരെയ്നെ താരം മറികടക്കുകയായിരുന്നു.
ക്യാപ്റ്റൻ ആയിരിക്കെ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്താകുന്നതും രോഹിത് ശർമ്മയാണ്. 11 തവണയാണ് ക്യാപ്റ്റൻ എന്ന നിലയിൽ അക്കൗണ്ട് തുറക്കാനാകാതെ രോഹിത് പുറത്തതാകുന്നത്.
സോഷ്യൽ മീഡിയകളിൽ ട്രോൾ മഴ
ഐ പി എൽ ൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്തായ താരമെന്ന റെക്കോർഡ് രോഹിത് ശർമയുടെ പേരിലായതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ. ഇത് തുടർച്ചയായ രണ്ടാം തവണയാണ് രോഹിത് ശർമ്മ ഈ സീസണിൽ പൂജ്യത്തിനു പുറത്തതാകുന്നത്.
ഐ പി എൽ ൽ ഏറ്റവും ആവേശം നിറഞ്ഞ മത്സരമാണ് ചെന്നൈയും മുംബൈയും തമ്മിലുള്ളത്.രണ്ട് ടീമുകളുടെയും ആരാധകർ പരസ്പരം സോഷ്യൽ മീഡിയ ട്രോളുകളിലൂടെ ഏറ്റുമുട്ടലും പതിവാണ്. എന്നാൽ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ തന്നെ രോഹിതിന് ‘നാണക്കേടിന്റെ റെക്കോർഡ്’ ലഭിച്ചതോടെ താരത്തിനെതിരെ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.