റഫ്സാനയുടെ ആദ്യ നോവലായ ജിന്ന് വാങ്ങാൻ ആളുകളെത്തുമ്പോൾ ബുക്ക് സ്റ്റാളിനോട് ചേർന്ന് നിറകണ്ണുകളോടെ ദൈവത്തിന് സ്തുതിയുമായി ഒരമ്മ നിൽപ്പുണ്ട് മറിയുമ്മ. സെറിബ്രൽ പാഴ്സിയുമായി മല്ലിടുന്ന ഇരുപത്തിയൊന്നുകാരി റഫ്സാനയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ ഉമ്മ. പാതിതളർന്ന ശരീരവും സംസാരിക്കാൻ പോലുമാകാത്ത ശാരീരികാവസ്ഥയും. ഷാർജ ഇന്റർ നാഷ്ണൽ ബുക്ക് ഫെസ്റ്റിലെ പവിലിയനിലിരിക്കുന്ന റഫ്സാനയുടെ മുഖത്ത് ശാരീരിക അവശതകളല്ല മറിച്ച് താനെത്തിപ്പെട്ട വലിയ ലോകത്തെ കൌതുകങ്ങളാണ്
ജിന്നിനെ തേടി ആളുകളെത്തുമ്പോൾ റഫ്സാനക്കിത് സ്വപ്ന തുല്യമായ നിമിഷങ്ങളാണ്. പുസ്തകത്തിനൊപ്പം നിറഞ്ഞ ചിരിയും മനസുനിറയെ സ്നേഹവും തന്നാണ് അവൾ ഓരോരുത്തരെയും യാത്രയാക്കുന്നത്. ജീവിതത്തിൽ പരീക്ഷണങ്ങളിത്രയുമുണ്ടായിട്ടും പതറാത്ത മറിയുമ്മയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണുനീർ പൊഴിയുകയാണ്. അഭിമാനം കൊണ്ട് മനമാകെ നിറയുകയാണ്.
ജനിച്ച് ആറാം മാസം മുതലാണ് റഫ്സാനയിൽ സെറിബ്രൽ പാഴ്സിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.പഠനകാലം മുഴുവൻ വീൽ ചെയറിലായിരുന്നു. മുന്നോട്ടുള്ള യാത്രയിലുടനീളം മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും സഹാപാഠികളും അവൾക്ക് പാതയൊരുക്കി. വായനയുടെ വലിയ ലോകം മുന്നിൽ തുറന്ന് കിട്ടിയതോടെ പതിയെ എഴുത്തിലേക്ക് ചുവടുകൾ വച്ചു. സമൂഹമാധ്യമങ്ങളിൽ രചനകൾക്ക് വലിയ പിന്തുണ കിട്ടിയതോടെയാണ് പുസ്തകം പുറത്തിറക്കാമെന്ന ആശയം പിറവിയെടുക്കുന്നത്.
കുഞ്ഞ് കഥകളും കവിതകളും എഴുതിത്തുടങ്ങിയ റഫ്സാന ഒടുവിൽ സ്വന്തമായൊരു നോവൽ എന്ന സ്വപ്ന നേട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. സ്വന്തം അധ്വാനത്തിൽ മുന്നോട്ടുള്ള ഭാവി ശോഭനമാക്കണണെന്ന ചിന്തയിൽ സർക്കാർ ജോലിക്കായുള്ള പരിശ്രമവും റഫ്സാന നടത്തുന്നുണ്ട്. തന്നെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗക്കാർക്ക് മുന്നോട്ട് നടക്കാൻ പ്രചോദനമാവുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് പറയാതെ പറയുകയാണ് റഫ്സാന