ന്യൂജെൻ വായനക്കാർക്ക് ആവേശത്തിന്റെ ‘ഇലുമിനാറ്റിയുമായി’ അഖിൽ പി ധർമജൻ
ഷാർജ: ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും.
നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോൺഫ്രൻസ് ഹാളിലാണ് കാവ്യസന്ധ്യ.
കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ചലച്ചിത്ര ഗാനങ്ങൾക്ക് ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ പ്രതിഭയാണ് റഫീഖ് അഹമ്മദ്. വർത്തമാന കാലത്തെ ഏറ്റവും മികച്ച ഗാന രചയിതാവ് എന്ന് നിസംശയം പറയാവുന്ന റഫീഖ് അഹമ്മദിന്റെ കവിതയും വർത്തമാനവും യു എ ഇ യിലെ ആസ്വാദകർക്ക് നവ്യാനുഭവത്തിന്റെ ‘തോരാമഴ’ സമ്മാനിക്കും. ‘ലളിതം’ എന്ന ഒറ്റക്കവിത കൊണ്ട് മലയാള
കവിതാസ്വാദകരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ കവിയാണ് പി പി രാമചന്ദ്രൻ. കേരള സാഹിത്യ അക്കാദമി അവാർഡ്,പി കുഞ്ഞിരാമൻ നായർ കവിത അവാർഡ്.ചെറുശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പി പി രാമചന്ദ്രന്റെ കവിതകളും വാക്കുകളും കേൾവിക്കാർക്ക് സാഹിത്യത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകും.
നവംബർ 15 ന് രാത്രി 8 മുതൽ 9.30 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും.’പുസ്തകത്തിനപ്പുറമുള്ള കഥകൾ – റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ തന്റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റം അദ്ദേഹം വിശദീകരിക്കും.
സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും ജനപ്രിയനായ നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങുന്ന അഖിൽ പി ധർമജൻ തന്റെ നോവലുകളുടെ പിന്നാമ്പുറ കഥകൾ പങ്കുവെക്കുന്നത് യുവ എഴുത്തുകാർക്ക് ആവേശവും പ്രചോദനവും നൽകും.
നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ‘ റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയിൽ പങ്കെടുക്കും.
വൈകീട്ട് 6 മുതൽ 7 വരെ കോൺഫ്രൻസ് ഹാളിലാണ് പരിപാടി. റേഡിയോ ജോക്കിയിൽ നിന്ന് മലയാള വിനോദ മേഖലയിലെ പ്രിയപ്പെട്ട വ്യക്തിത്വമായി മാറിയ അനുഭവം അവർ പങ്കുവെക്കും. വ്യത്യസ്ത മാധ്യമ മേഖലകളിലെ പ്രവർത്തനങ്ങൾ എങ്ങനെ ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വതി വിശദീകരിക്കും.
നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയുടെ കഥ വിനോയ് തോമസിന്റേതാണ്.