‘പിൻ ഡ്രോപ്പ് സൈലൻസ്’, മൊട്ടുസൂചി നിലത്തുവീണാൽ പോലും കേൾക്കാൻ സാധിക്കാത്തത്ര നിശബ്ദത. എന്നാൽ ഹൃദയമിടിപ്പ് പോലും പെരുമ്പറ കൊട്ടുന്നത് പോലെ അനുഭവപ്പെടുന്ന നിശബ്ദമായൊരു സാഹചര്യം അടുത്തറിയണമെങ്കിൽ വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തിന്റെ 87മത്തെ കെട്ടിടത്തിൽ എത്തിയാൽ മതി. ലോകത്തെ ഏറ്റവും നിശബ്ദമായ മുറി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
ആറുപാളി കോൺക്രീറ്റും, സ്റ്റീലും ഉപയോഗിച്ചാണ് ഈ പ്രത്യേക മുറി നിർമിച്ചിരിക്കുന്നത്. ഒന്നരവർഷം സമയമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. ഈ മുറി ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി എന്ന പ്രത്യേകതയോടെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.
അനെക്കോയ്ക് ചേംബർ എന്നാണ് മൈക്രോസോഫ്റ്റ് ആസ്ഥാനത്തുള്ള ഈ മുറി അറിയപ്പെടുന്നത്. നിരവധി ആളുകൾ ഈ മുറി സന്ദർശിക്കാൻ എത്തുമെങ്കിലും ഒരു മണിക്കൂറിലധികം ആർക്കും ഇവിടെ ചിലവഴിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രത്യേക രീതിയിലുള്ള ക്രമീകരണങ്ങൾ കാരണം പലരുടെയും ബോധം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവിടെ അനുഭവിക്കാൻ കഴിയുക.
ഈ വിചിത്ര മുറിയുടെ ശബ്ദം അളക്കുന്നത് ഡെസിബെൽ യൂണിറ്റിലാണ്. സാധാരണ ഒരു നിശബ്ദ മുറിയിൽ ക്ലോക്കും മനുഷ്യന്റെ ശ്വാസവുമെല്ലാം ചേർന്ന് 10 ഡെസിബെലാണ് വരുന്നത്. എന്നാൽ ഈ മുറിയിൽ അത് മൈനസ് 20 ആണ്. കൂടാതെ പ്രതിധ്വനിയില്ലാതിരിക്കാനും ചുറ്റുമുള്ള ശബ്ദങ്ങൾ ആഗീരണം ചെയ്യാനും ഫോം കൊണ്ടാണ് മുറിയുടെ തറയും ചുവരും പണിതിരിക്കുന്നത്. ത്രികോണാകൃതിയിലാണ് ഈ മുറി ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആകൃതി വ്യത്യസ്തമായത് കൊണ്ട് തന്നെ ശബ്ദം പ്രതിഫലിച്ചാൽ മാത്രമേ നിൽക്കുന്ന വ്യക്തിയുടെയും ചുറ്റും സ്പേസ് ഉണ്ടെന്ന് മനസിലാകൂ. കൂടാതെ മുറിയിൽ കയറുന്നതോടെ ആദ്യം ഉമിനീരിന്റെ ശബ്ദവും ശേഷം ധരിച്ചിരിക്കുന്ന വസ്ത്രം ഉരസുന്ന ശബ്ദവുമൊക്കെയാണ് അനുഭവപ്പെടുക. പിന്നീട് ഹൃദയമിടിപ്പിന്റെ ശബ്ദം അനുഭവപ്പെടുന്നതോടെ ബോധം നഷ്ടമാകും. അതേസമയം മാനസിക നില നിയന്ത്രിക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഈ മുറിയിൽ പിടിച്ച് നിൽക്കാൻ സാധിക്കു എന്നാണ് മുറി നിർമിച്ചവർ പറയുന്നത്.