നെയ്യാറ്റിൻകര: കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ (24).പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു.
മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താൻ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവൻ നിർമലകുമാരനെതിരേയുമുള്ള കുറ്റം.കേരളത്തിൽ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവർ. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുൻപ് തൂക്കുകയർ ലഭിച്ചത്.സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക ബിവി കൊലപ്പെടുത്തിയത്.
2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വധിച്ചത്.