മംഗളൂരു: കർണാടകയിലെ ഉഡുപ്പിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മാതാവിനേയും മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ സംഘർഷം. പ്രതി പ്രവീണ്‍ അരുണ്‍ ചൗഗുലെയെ കൂട്ടക്കൊല നടന്ന നെജാരുവിനടുത്ത് കെമ്മണിലെ ഹമ്പൻകാട്ടിൽ എത്തിച്ചപ്പോൾ ആണ് നാട്ടുകാർ പ്രകോപിതരായത്.

നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് ലാത്തിചാർജ്ജ് നടത്തിയാണ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്. നാല് പേരെ കൊല ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. 15 മിനിറ്റ് കൊണ്ട് വീട്ടിനകത്ത് കയറി നാല് പേരേയും വെട്ടിക്കൊലപ്പെടുത്തി മടങ്ങിയ പ്രതിയെ ചൊവ്വാഴ്ചയാണ് പൊലീസ് പിടികൂടിയത്. പ്രവാസിയായ നൂർ മുഹമ്മദിൻ്റെ ഭാര്യ ഹസീന, മക്കളായ അഫ്സാൻ, ഐനാസ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ നൂർ മുഹമ്മദിൻ്റെ മാതാവ് ഹാജറക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബാത്ത്റൂമിൽ കയറി വാതിലടച്ചാണ് അവർ രക്ഷപ്പെട്ടത്. പൊലീസ് എത്തിയാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

സന്ദേകാട്ടെ സ്റ്റാൻഡിൽ ബസിൽ എത്തിയ ഇയാൾ ഓട്ടോയിൽ വീട്ടിലേക്ക് എത്തുകയും അവിടെ നിന്നും 15 മിനിറ്റിന് ശേഷം മറ്റൊരു ഓട്ടോയിൽ തിരിച്ച് സ്റ്റാൻഡിൽ എത്തുകയുമായിരുന്നു. സ്റ്റാൻഡിൽ തിരിച്ചെത്തിയപ്പോൾ ആദ്യം കൊണ്ടു പോയ ഓട്ടോഡ്രൈവർ ഇയാളെ വീണ്ടും കണ്ടിരുന്നു. ഇയാൾ നൽകിയ വിവരങ്ങളാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമാണ്.
നേരത്തെ മഹാരാഷ്ട്ര പൊലീസിൽ ഉദ്യോഗസ്ഥനായ ചൗഗുലെ ഇപ്പോൾ എയർഇന്ത്യയിൽ ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ്. വിവാഹിതനായ പ്രതിക്ക് രണ്ട് മക്കളുമുണ്ട്. മംഗളൂരുവിലാണ് ഇയാൾ ഇപ്പോൾ താമസിക്കുന്നത്. കൊല്ലപ്പെട്ട ഐനാസുമായി ചൌഗലെ ജോലിയുടെ ഭാഗമായി അടുത്ത് ഇടപെട്ടിരുന്നു. അമിതമായി പൊസസീവ് ചിന്താഗതിയുള്ള പ്രതിയുടെ അസൂസയും വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. അഫ്നാനും വിദ്യാർത്ഥിയായ സഹോദരി അയ്നാസും ദീപാവലി അവധിക്ക് വീട്ടിലെത്തിയ സമയത്താണ് കൊലപാതകം നടന്നത്.
