Noകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം ഉണ്ടായ വിവാദങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പ്രതികരണമാണ് പൃതിരാജിൽ നിന്നും ഇന്നുണ്ടായത്. വിഷയത്തിൽ അമ്മയെ പൂർണമായി തള്ളിയ പൃഥ്വി ആരോപണം നേരിടുന്നവർ പദവികളിൽ നിന്നൊഴിക്കുക തന്നെ വേണം എന്നും സംശയലേശമന്യേ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാട് സ്വീകരിക്കാതെ പ്രതിക്കൂട്ടില്ലായ അമ്മ പ്രധാന താരങ്ങൾക്കെതിരായ ആരോപണങ്ങളിലും മൗനം പാലിക്കുകയാണ്. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് തന്നെ പീഡന ആരോപണത്തെ തുടർന്ന് രാജി വച്ചു. വൈസ് പ്രസിഡൻ്റ് ജഗദീഷ്, ജയൻ ചേർത്തല, എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസൻ എന്നിവർ വിഷയത്തിൽ അമ്മയെ തള്ളിക്കൊണ്ടുള്ള നിലപാട് ആണ് എടുത്തത്. നടി ഉർവശി അടക്കമുള്ളവർ അമ്മയെ പരസ്യമായി വിമർശിച്ചു. എന്നിട്ടും വിഷയത്തിൽ എന്ത് വേണം എന്ന ആശയക്കുഴപ്പത്തിൽ ആണ് അമ്മ.
അമ്മ മാത്രമല്ല മാക്ട, പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നീ സംഘടനകളും വിഷയത്തിൽ മൗനം തുടരുകയാണ്. ഈ സാഹചര്യത്തിൽ ആണ് നടനും നിർമാതാവും സംവിധായകനും വിതരണകമ്പനി ഉടമയുമായ പൃഥ്വിരാജ് ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ആരോപണ വിധേയർ മാറി നിൽക്കണം എന്ന പൃഥ്വിയുടെ നിലപാട് എംഎൽഎ കൂടിയായ മുകേഷിനെ പോലുള്ളവരുടെ കാര്യത്തിൽ സർക്കാരിനെ ഒന്നു കൂടി പ്രതിരോധത്തിൽ ആക്കും.
അമ്മ പ്രസിഡൻ്റ് കൂടിയായ നടൻ മോഹൻലാൽ എന്ത് പറയും എന്നത്തിലും ആകാംഷ വർധിക്കുകയാണ്. ആരോപണ വിധേയർ അഗ്നിപരീക്ഷ നേരിടണമെന്ന് ജഗദീഷിൻ്റെ പ്രസ്താവനയിൽ കാര്യം വ്യക്തമാണ്.
ആരോപണങ്ങളിൽ അന്വേഷണം സ്വാഗതം ചെയ്യുകയും കുറ്റാരോപിതരെ മാറ്റി നിർത്തുകയും ചെയ്യുക എന്നല്ലാതെ അമ്മയ്ക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല. അമ്മയുടെ നേതൃത്വത്തിലും നയത്തിലും മാത്രമല്ല ഭരണഘടനയിൽ അടക്കം മാറ്റങ്ങൾ വേണ്ടി വന്നേക്കും. അമ്മ അംഗത്വത്തിൻ്റെ പേരിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയായി എന്നത് പവർ ഗ്രൂപ്പ് എന്ന വിമർശനത്തെ ശക്തിപ്പെടുത്തുന്നതാണ്.
തുറന്ന നിലപാടുമായി പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു.
കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അമ്മയുടെ നിലപാട് ദുർബലമാണ്. മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, അങ്ങനെയൊരു ഗ്രൂപ്പിൻ്റെ സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പേ ഇല്ലെന്ന് പറയൻ കഴിയില്ല.
ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്നവർക്ക് നേരേ ആരോപണം ഉയരുമ്പോൾ ആ പദവി ഒഴിയുക എന്നതാണ് മാതൃക. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇപ്പോൾ ഉയരുന്ന വിവാദങ്ങളിലും അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോണ്ക്ലേവ് പ്രശ്ന പരിഹാരം ഉണ്ടാകട്ടെ. എന്നാൽ കഴിയുന്നത് എല്ലാം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു.
ദുഷ്പ്രവണതകൾക്കെതിരായ തിരുത്തൽ ഇന്ത്യയിൽ തന്നെ മലയാള സിനിമ മേഖലയിലാണ് നടന്നത് എന്ന് ചരിത്രം രേഖപ്പെടുത്തും. സിനിമ കോൺക്ലേവ് പ്രശ്നപരിഹാരത്തിന് കൂടി ഉപകരിക്കട്ടെ. ഏതെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉപകരിക്കുമെങ്കിൽ നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു.
പുതിയ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ പൃഥ്വിരാജിന് കിട്ടുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മമ്മൂട്ടിയുടെ വീട്ടിൽ വച്ചു ചേർന്ന അമ്മയുടെ അടിയന്തര ഭാരവാഹി യോഗത്തിലേക്ക് പൃഥ്വിരാജ് കയറിപോയതും ഇതേ പോലെ കർശന നില്പാട് സ്വീകരിച്ചാണ്. ദിലീപിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള തീരുമാനം അന്നത്തെ ഭാരവാഹി യോഗത്തിലാണ് ഉണ്ടായത്.