തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ മുകേഷ് എംഎൽഎയുടെ രാജി ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ ചേരുന്ന സംസ്ഥാന സമിതി ചർച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം സംസ്ഥാന സമിതിയിൽ കേൾക്കും. മുകഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. വിഷയത്തിൽ മുകേഷിന് പറയാനുള്ളതെന്താണെന്നും പാർട്ടി കേൾക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് മുകേഷ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
അതേസമയം, മുകേഷിന്റെ രാജിയെ ചൊല്ലി സിപിഎം – സിപിഐ പാർട്ടികളുടെ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പരസ്യമായി തള്ളി. അതിനിടെ മുകേഷ് എംഎൽഎ സ്ഥാനം രാജി വയക്കണമെന്ന് ആവശ്യപ്പെട്ട ആനിരാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളി.
ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാർ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളിയാണ് ബൃദ്ധകാരാട്ട് പാർട്ടി മുഖപത്രത്തിൽ ലേഖനം എഴുതിയത്. നിങ്ങള്‍ അങ്ങനെ ചെയ്തതു, കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്ന എന്ന വിധമുള്ള നിലപാടല്ല പൊതുപ്രവർത്തന രംഗത്ത് വേണ്ടതെന്ന് ബൃദ്ധ ഇപിയെ തിരുത്തുന്നു.
അതേസമയം മുകേഷ് വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തെ കടത്തിവെട്ടി ആനി രാജ അഭിപ്രായം പറഞ്ഞതിൽ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുൻപേ ആനി രാജ രാജി ആവശ്യപ്പെട്ടതിലുള്ള അതൃപ്തി നേതാക്കൾ ദേശീയ നേതൃത്വത്തേയും ആനിരാജയേയും അറിയിച്ചുവെന്നാണ് വിവരം.