കൊച്ചി: അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മോഹൻലാൽ തുടർന്ന് നിരവധി ചർച്ചകൾക്ക് ശേഷമെന്ന് സൂചന. കാൽനൂറ്റാണ്ടിന് ശേഷം അമ്മ നേതൃത്വത്തിൽ നിന്നും പിന്മാറിയ ഇടവേള ബാബു സംഘടനയിൽ ഒരു തലമുറമാറ്റം വേണമെന്നാണ് ആഗ്രഹിച്ചിരുന്നത്. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവരോടും ഇതേവികാരം അദ്ദേഹം പങ്കുവച്ചു. ഇടവേള ബാബു മാറി നിന്നതോടെ പ്രസിഡൻ്റ് സ്ഥാനത്ത് തുടരേണ്ട എന്ന നിലപാടിലായിരുന്നു മോഹൻലാൽ.
ഇതോടെ യുവാക്കളെ അമ്മയുടെ തലപ്പത്തേക്ക് കൊണ്ടു വരാനുള്ള ശ്രമം ആരംഭിച്ചു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ തലപ്പത്തേക്ക് വരണം എന്നായിരുന്നു ഇടവേള ബാബുവിൻ്റെ ആഗ്രഹം. ഇതേക്കാര്യം മാസങ്ങൾക്ക് മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. അമ്മയുടെ ഭാവി നേതൃത്വം എന്നാണ് അഭിമുഖത്തിൽ ഇടവേള ബാബു ഇരുവരേയും വിശേഷിപ്പിച്ചത്.
അമ്മ നേതൃത്വത്തിലേക്ക് യുവനടൻമാരെ ക്ഷണിച്ചെങ്കിലും ഇരുവരും ഭാരവാഹിത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് വിവരം. നിലവിൽ സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് അമ്മയുടെ നേതൃത്വമേറ്റെടുക്കാൻ ഇരുവരും വിമുഖത അറിയിക്കുകയായിരുന്നുവെന്ന് നടൻ ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ഇക്കുറി അമ്മയിൽ തലമുറ മാറ്റം വേണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാൽ പൃഥ്വിരാജും ചാക്കോച്ചനും അടക്കമുള്ളവർ ഇപ്പോഴും വരും വർഷങ്ങളിളും അവർ ചെയ്യാൻ പോകുന്ന സിനിമകളുടെ തിരക്ക് ചൂണ്ടിക്കാട്ടി നേതൃത്വത്തിലേക്ക് വരാൻ തയ്യാറായില്ല. കുറച്ചു കാലം കഴിയുമ്പോൾ അവർ എന്തായാലും അമ്മ നേതൃത്വത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ആരെങ്കിലും നേതൃത്വത്തിലേക്ക് എന്നു കരുതി നമ്മുക്ക് അമ്മ എന്ന സംഘടനയെ കൈവിടാനിലല്ലോ ഇതോടെയാണ് നമ്മളെല്ലാവരും ചേർന്ന് ലാലിനേയും സിദ്ധീഖിനേയും നേതൃത്വത്തിലേക്ക് നിർദേശിച്ചത് – ജഗദീഷ് പറഞ്ഞു.