ജിദ്ദ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സൗദി അറേബ്യയിലെത്തും. നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവിടങ്ങുന്ന പതിനൊന്ന് ഉന്നതതല സംഘവും ഉണ്ടാവും.
1982 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുപ്രധാന സന്ദര്‍ശനത്തിന് ശേഷം 43 വര്‍ഷം തികയുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദ സന്ദര്‍ശിക്കുന്നത്. ഇതിന് മുമ്പ് 2016ലും 2019ലും മോദി സൗദി തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത് നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ്.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2023ല്‍ ദില്ലിയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരാൻ ഇന്ത്യ-സൗദി കൗണ്‍സില്‍ ആദ്യ യോഗത്തില്‍ അധ്യക്ഷപദവി അലങ്കരിച്ചിരുന്നു. കൗൺസിലിന്റെ രണ്ടാമത് യോഗം ബുധനാഴ്ച ജിദ്ദയില്‍ ചേരും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ക്ഷണപ്രകാരം ജിദ്ദയിലെത്തുന്ന മോദിക്ക് സൌദ്ദി സർക്കാർ ഔദ്യോഗിക സ്വീകരണം നല്‍കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ – പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്ന പല പ്രഖ്യാപനങ്ങളും മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടാവും എന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഓയിൽ റിഫൈനറി വ്യവസായത്തിൽ സൌദ്ദി വൻ നിക്ഷേപം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.