ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് സമാപനമായി. എക്സപോ സെന്ററിൽ കഴിഞ്ഞ 12 ദിവസമായി നടന്നിരുന്ന പുസ്തകമേളയിൽ ലക്ഷകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രവാസി മലയാളികളുടെ സംഗമ വേദി കൂടിയായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തകമേള. 700 ലധികം മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
ഒട്ടനവധി പുതിയ എഴുത്തുകാർ പിറവി എടുത്ത വേദി കൂടിയായിരുന്നു. ഒരു പുസ്തകത്തിൽ നിന്ന് തുടങ്ങാം എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും എത്തിയ എഴുത്തുകാരുടെയും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുടെയും നിറസാന്നിധ്യമായിരുന്നു പുസ്തകോത്സവം.
പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കാവ്യ സന്ധ്യയിൽ കവികളായ റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും പങ്കെടുത്തു.
കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു.കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോള്‍ മുകളിലേക്കാണ് നോക്കുന്നത്. മനസ്സിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമര്‍ശിച്ചു. എഴുത്തുകാർക്ക് വേണ്ടി മാത്രമുളള വേദിയായിരുന്നില്ല…എഴുത്തിനെ സ്നേഹിക്കുന്നവർക്കും…സ്നേഹിക്കാൻ തുടങ്ങുന്നവരും ഒന്നിച്ച് കൂടിയ നാളുകൾ കൂടിയായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തകമേള.