യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 10 വർഷത്തെ ഗോൾഡൻ വീസയ്ക്കുള്ള അപേക്ഷാ ഫീസ് മൂന്നിരട്ടി വർധിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുക 13 ഡോളറിൽ നിന്ന് 41 ഡോളറായി ഉയർത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതോറിറ്റി ഫീസ്, ഇലക്ട്രോണിക് സേവന ഫീസ്, സ്മാർട്ട് സേവന ഫീസ് എന്നിവ ഉൾപ്പെടെയാണ് പുതിയ നിരക്ക്. സ്പോൺസറില്ലാതെ അഞ്ചോ പത്തോ വർഷത്തേക്ക് അപേക്ഷിക്കാൻ താമസക്കാർക്ക് അവസരം നൽകിയാണ് 2020ൽ യുഎഇ ആദ്യമായി ഗോൾഡൻ റെസിഡൻസി പ്രോഗ്രാമിന് തുടക്കമിട്ടത്.
പ്രഗത്ഭരായ വ്യക്തികൾ, ഗവേഷകർ, മികച്ച വിദ്യാർത്ഥികൾ, ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, കായികതാരങ്ങൾ, സംരംഭകർ, സാമ്പത്തിക റിയൽ എസ്റ്റേറ്റ് മേഖലകളിലെ നിക്ഷേപകർ, വളർന്നുവരുന്ന കമ്പനികൾ എന്നിവര്‍ക്കാണ് ഗോൾഡന്‍ വീസ നല്കി വരുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് ഗോൾഡൻ വീസ അനുവദിക്കുക.
യുഎഇയിൽ ജോലി ചെയ്യാനും ജീവിക്കാനും കഴിവുള്ള വ്യക്തികളെ ആകർഷിക്കാനായാണ് ഈ പദ്ധതി യുഎഇ നടപ്പാക്കിയത്.
വ്യക്തികൾക്ക് ഐസിപി വെബ്സൈറ്റിൽ അവരുടെ യോഗ്യത പരിശോധിക്കാവുന്നതാണ്. ഗോൾഡൻ വീസ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമിക ഇലക്ട്രോണിക് അംഗീകാരം ഇതോടെ ലഭിക്കും. 2022ൽ യുഎഇ എല്ലാ വിഭാഗങ്ങളിലുമായി 79,617 ഗോൾഡൻ വീസകൾ നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) ജനുവരിയിൽ വ്യക്തമാക്കി.