ദുബായ്: 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന് 366 കൃത്രിമ യാത്ര രേഖകൾ പിടികൂടിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. ഈ കൃത്രിമ യാത്ര രേഖകളിൽ വ്യാജ പാസ്പോർട്ടുകൾ, വിവിധ തരത്തിലുള്ള എൻട്രി പെർമിറ്റുകൾ, തിരിച്ചറിയൽ കാർഡുകൾ, യുഎസ് ഗ്രീൻ കാർഡ് പോലുള്ള വിദേശ രാജ്യങ്ങൾ നൽകുന്ന റസിഡൻസ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 355 വ്യാജ രേഖകളാണ് പിടികൂടിയത്. 2023ൽ, സംശയാസ്പദമായ 16,127 യാത്രാ രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കേസുകളുടെ സ്വഭാവം അനുസരിച്ച് 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ദുബായ് എയർപോർട്ടിലെ പ്രത്യേക ഡോക്യുമെന്റ് പരിശോധന കേന്ദ്രത്തിലെ മുഖ്യ ഉപദേഷ്ടാവ് അഖിൽ അഹ്മദ് അൽ നജ്ജാർ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജ പാസ്പോർട്ടുകളും മറ്റ് കൃത്രിമ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ പിടികൂടുന്നതിന് ജിഡിആർഎഫ്എക്ക് ഫലപ്രദമായ സംവിധാനം ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദുബായ് വിമാനത്താവളങ്ങളിലെ പാസ്പോർട്ട് നിയന്ത്രണ ഓരോ കൗണ്ടറിലും വ്യാജരെ തിരിച്ചറിയാനുള്ള പ്രത്യേക ഇലക്ട്രിക് മെഷീൻ ഉപയോഗിക്കുന്നുണ്ട്. ഈ യന്ത്രങ്ങൾ വ്യാജ യാത്ര രേഖകൾ പരിശോധിക്കാനും കണ്ടെത്താനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അതിവേഗം സഹായിക്കുന്നു. സംശയാസ്പദമായ യാത്ര രേഖകൾ നിയന്ത്രണ ഉദ്യോഗസ്ഥർ കണ്ടെത്തിയാൽ, അത് പരിശോധനയ്ക്കായി ഡോക്യുമെന്റ് പരിശോധന കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. ഇവിടെ നിന്ന് ഏതാനും മിനിറ്റുകൾ കൊണ്ട് രേഖകൾ വ്യാജമാണോ എന്ന് ഉറപ്പുവരുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ
വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രത. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന് മിനിറ്റുകൾ മതി.ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.ഈ സംവിധാനത്തിലൂടെയാണ് ദുബായിലൂടെ യാത്ര ചെയ്യുന്ന വ്യാജരെ തിരിച്ചറിയുന്നത്.രേഖ തിരിച്ചറിയാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്.ഏത് രാജ്യത്തിന്റെ വ്യാജ പാസ്പോര്ട്ട് ആയാലും മറ്റു യാത്ര വ്യാജ രേഖകൾ ആയാലും ദുബായിൽ അവ പിടിക്കപ്പെടുമെന്ന് പരിശോധന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കി.മുഴുവൻ രാജ്യങ്ങളുടെയും പാസ്പോർട്ട് ഡാറ്റാബേസ് ഈ സെന്ററിൽ ലഭ്യമാണ്.
വ്യാജ റസിഡൻസി രേഖകളും വ്യാജ ലൈസൻസുകളും തിരിച്ചറിയാനുള്ള സൗകര്യമുണ്ട് ഇവിടെ. പാസ്പോര്ട്ടിൽ ഏത് തരം കൃത്രിമം കാണിച്ച് ദുബായിൽ എത്തിയാലും അവർ പിടിയിലാകുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ പാസ്പ്പോർട്ടുകൾ തിരിച്ചറിയുവാൻ പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് സെന്ററിൽ ജോലി ചെയ്യുന്നത്.ഡോക്യുമെൻ്റ് പരിശോധനയ്ക്കായി പ്രത്യേകവും അംഗീകൃതവുമായ കേന്ദ്രമുള്ള ആഗോളതലത്തിലുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണിതെന്ന് ജി ഡി ആർ എഫ് എ അഭിപ്രായപ്പെട്ടു. പരിശോധനകൾക്കും ഓഡിറ്റുകൾക്കുമായി ക്രിമിനൽ ലബോറട്ടറികളെ ആശ്രയിക്കുന്ന ലോകമെമ്പാടുമുള്ള മിക്ക ഇമിഗ്രേഷൻ വകുപ്പുകളിൽ നിന്നും വ്യത്യസ്തമായി, നടപടിക്രമങ്ങൾക്ക് ദിവസങ്ങളോ ആഴ്ചകളോ എടുക്കുന്ന പ്രക്രിയകൾ , ദുബായിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്തുന്നുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു