ദില്ലി: ഭാരത്/ഇന്ത്യ വിവാദത്തിൽ നിന്നും അകലം പാലിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 ഉച്ചക്കോടിക്ക് മുന്നോടിയായി നടന്ന മന്ത്രിസഭായോഗത്തിലാണ് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ചർച്ചയായ വിവാദത്തിൽ തൊടേണ്ടെന്ന നിർദേശം പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയത്. ഇതാദ്യമായാണ് ഈ വിഷയം മോദി മന്ത്രിമാരുമായി ചർച്ച ചെയ്യുന്നത്.
ജി20 ഉച്ചക്കോടിയിൽ പങ്കെടുക്കേണ്ട രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി ദ്രൌപദി മുർമ്മു അയച്ച ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജി20 സമ്മേളനത്തിന് ശേഷം കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെൻ്റ സമ്മേളനത്തിൽ രാജ്യത്തിൻ്റെ ഔദ്യോഗിക നാമം ഇന്ത്യ എന്നത് ഒഴിവാക്കി ഭാരത് എന്നാക്കി കൊണ്ടുള്ള ബിൽ കൊണ്ടു വരുമെന്ന അഭ്യൂഹം ശക്തമായത്. ഇന്ത്യ എന്ന പേര് ഉപേക്ഷിക്കാൻ ആലോചനയില്ലെന്ന് മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കിയത്.