കൊച്ചി: ജിദ്ദയിലെ പ്രമുഖ വ്യവസായിയും മലപ്പുറം അഞ്ചച്ചവിടി സ്വദേശിയുമായ ഹംസ കണ്ടപ്പൻ എന്ന സീക്കോ ഹംസ (66) അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഖബറടക്കം ബുധനാഴ്ച രാവിലെ പള്ളിശേരി മസ്ജിദിൽ വെച്ച് നടക്കും
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹംസയെ ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില കൂടുതൽ വഷളാവുകയും ദിവസങ്ങളായി വെൻ്റിലേറ്ററിൽ തുടർന്ന അദ്ദേഹം കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു. മൃതദേഹം വൈകിട്ടോടെ നിലമ്പൂരിലെ വീട്ടിലെത്തിച്ചു.
1977 ൽ ജിദ്ദയിലെത്തിയ ഹംസ സീക്കോ വാച്ച് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതോടെയാണ് സീക്കോ ഹംസയായി മാറിയത്. വാച്ച് കമ്പനിയിലെ ജോലി വിട്ട് ഹംസ പിന്നീട് വ്യാപാരരംഗത്തേക്ക് കടന്നു. ശിഫാ ബവാദി ഗ്രൂപ്പ് എന്ന ഹംസയുടെ ബിസിനസ് ഗ്രൂപ്പ് പിന്നീട് വലിയ രീതിയിൽ വ്യവസായ രംഗത്ത് മുന്നേറി.