ഷാർജയിൽ വിദ്യാർഥികൾക്ക് കൊവിഡ് ബാധിച്ചാൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് രക്ഷിതാക്കൾ സ്കൂളുകൾക്ക് ഉറപ്പുനൽകണം. രക്ഷിതാക്കൾ കോവിഡ് ഡിക്ലറേഷൻ ഫോമിൽ ഒപ്പുവെച്ച് സ്കൂളുകൾക്ക് കൈമാറണം. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ റെഗുലേറ്ററായ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി യുടെ സുരക്ഷാ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികൾക്ക് രോഗം വന്നാൽ സ്കൂളുകളെ അറിയിക്കുക, അസുഖബാധിതരായ കുട്ടികളെ സ്കൂളിൽ വന്ന് കൂട്ടിക്കൊണ്ടുപോകുക, പോസിറ്റീവായാൽ ഐസൊലേഷൻ നിയമങ്ങൾ പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ വിദ്യാഭ്യാസ അതോറിറ്റി എല്ലാ സ്വകാര്യ സ്കൂളുകളിലേക്കും അയച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ മാതാപിതാക്കളെ അറിയിക്കണമെന്നും സ്കൂളുകൾക്ക് നിര്‍ദ്ദേശമുണ്ട്.
കുട്ടികൾ കൊവിഡ് സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇത് കോവിഡ് പടരാനുളള സാധ്യത ഒഴിവാക്കുമെന്നും അതോറിറ്റി വ്യക്തമാക്കുന്നു.