അഭിനയവും മിമിക്രിയും മാത്രമല്ല, ചിത്രരചനയിലും മികവ് തെളിയിച്ചയാളാണ് കോട്ടയം നസീർ. ഷാർജ പുസ്തകോത്സവത്തിലേക്ക് കോട്ടയം നസീർ എത്തിയിരിക്കുന്നത് ‘ആർട്ട് ഓഫ് മൈ ഹാർട്ട്’ എന്ന പേരിൽ വരകളുടെ വിസ്മയവുമായാണ്. ജീവനുള്ള ചിത്രങ്ങളാണ് എല്ലാം തന്നെ. നസീർ വരച്ച 52 ചിത്രങ്ങളടങ്ങിയ പുസ്തകവും ഇവിടെ വിൽപനക്കുണ്ട്. 100 ദിർഹം നൽകിയാൽ പുസ്തകം സ്വന്തമാക്കാം.
പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിൽ നടനും സംവിധായകനുമായ നാദിർഷയാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. മിമിക്രിയും അഭിനയവും ഇല്ലാത്ത ഇടവേളകളിൽ വരയ്ക്കാറുണ്ടെന്ന് കോട്ടയം നസീർ പറഞ്ഞു. സിനിമ മേഖലയിൽ നിന്നും നിരവധി പേരുടെ പ്രോത്സാഹനമുണ്ട്. മോഹൻലാലിന് സമ്മാനിച്ച പെയിന്റിംഗും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നസീർ പറഞ്ഞു. പുസ്തകോത്സവത്തിൽ സജീവമായി ഉണ്ടാകുമെന്ന് നസീർ പറഞ്ഞു.