സൗദിയിൽ മസ്ജിദുന്നബവിയുടെ മുറ്റത്ത് ഗർഭിണിയായ സ്ത്രീയ്ക്ക് സുഖപ്രസവം. സൗദി റെഡ് ക്രസൻറ് അതോറിറ്റിയിലെ മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് ബിൻ അലി അൽ സഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്. മസ്ജിദുന്നബവിയിലെ ആംബുലൻസ് കേന്ദ്രത്തിലുണ്ടായിരുന്ന ആളുകളും മറ്റ് വളന്റിയർമാരും വിവരമറിഞ്ഞ ഉടനെതന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ഹറം മുറ്റത്ത് സ്ത്രീ പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു.
തുടർന്ന് നടന്ന പരിശോധനയിൽ കുട്ടിയുടെ തല പുറത്തേക്ക് വന്നതായും പ്രസവം ആരംഭിച്ചതായും വ്യക്തമായി. ഉടൻതന്നെ ഇത്തരം കേസുകളിൽ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കിയതിനു ശേഷം സ്ഥലത്തുണ്ടായിരുന്ന ഒരു നഴ്സിന്റെ സഹായത്തോടെ സ്ത്രീയുടെ പ്രസവം നടത്തുകയും ചെയ്തു. പിന്നീട് ശാരീരികസ്ഥിതി പരിശോധിച്ചതിന് ശേഷം സ്ത്രീയെയും നവജാതശിശുവിനെയും ഉടൻതന്നെ ബാബ് ജിബ്രീൽ ഹെൽത്ത് സെൻററിലേക്ക് മാറ്റിയതായി റെഡ് ക്രെസെന്റ് അധികൃതർ അറിയിച്ചു.
അതേസമയം അടിയന്തര ഘട്ടങ്ങളിലെ വൈദ്യപരിചരണം സംബന്ധിച്ച് ഇടക്കിടെ വളന്റിയർമാർക്ക് പരിശീലനം നൽകാറുണ്ട്. ഇതിലൂടെ നേടുന്ന പ്രഥമ ശുശ്രൂഷയ്ക്കുള്ള വൈദഗ്ധ്യമാണ് ഇത്തരം കേസുകളിൽ ഉടൻ ഇടപെടാനും വിജയിപ്പിക്കാനും സഹായിക്കുന്നതെന്ന് അൽ സഹ്റാനി പറഞ്ഞു.
അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ 997 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ‘ഹെൽപ് മീ’ ആപ് വഴിയോ ‘തവക്കൽന’ ആപ്ലിക്കേഷനിലൂടെയോ അടിയന്തര സേവനം ആവശ്യപ്പെടുകയോ ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ധാരാളം സമയവും പരിശ്രമവും ലാഭിക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിലൂടെ വിളിക്കുന്നയാളുടെ സ്ഥാനം വേഗം നിർണയിക്കാനുമാകും. ആംബുലൻസ് ടീമിന് പെട്ടെന്ന് തന്നെ സ്ഥലത്തെത്താനും നടപടികൾ എളുപ്പമാക്കാനും സഹായിക്കുമെന്നും അൽ സഹ്റാനി പറഞ്ഞു.