മുട്ടോളം പഴുപ്പ് കയറി മുറിച്ച് മാറ്റേണ്ടിയിരുന്ന കാലുകളാണിത്. ശിഷ്ടകാലം വീൽചെയറിലാകുമായിരുന്ന പാലക്കാടുകാരൻ മുനീർ ബർഷ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് സ്വന്തമാക്കിയത് കെടിഎൽ അയൺമാൻ പട്ടമെന്ന സ്വപ്ന നേട്ടമാണ് . നീന്തലും സൈക്ലിംഗും ഓട്ടവുമൊക്കെയായി 200 കിലോമീറ്ററിലധികം താണ്ടിയാണ് മുനീർ അയൺമാൻ പദവിയിലേക്കെത്തിയത്. അറിയാം അൽ ബർഷയിലെ അയൺമാൻ മുനീറിനെ
പാലക്കാട് വിളയൂർ സ്വദേശിയായ മുനീർ മുട്ടിലെ മുറിവുണങ്ങാൻ ആശുപത്രികൾ കയറിയിറങ്ങിയത് 16 വർഷമാണ്. പാലക്കാട്ടെ സലൂണിൽ ജോലി നോക്കിയിരുന്ന മുനീറിൻറെ കാലിൽ ബൈക്കിന്റെ ലിവറ് തട്ടിയുണ്ടായ ചെറിയ മുറിവാണ് ജീവിതം തന്നെ ചോദ്യചിഹ്നത്തിലാക്കിയ വില്ലൻ. മുറിവ് പഴുത്ത് മുട്ടോളമെത്തി. പിന്നീടത് വെരിക്കോസ് വെയിനിലേക്കുമെത്തി. ആശുപത്രികൾ പലത് കയറിയിറങ്ങി. ആറിലധികം സർജറികളും മരുന്നുകളും. താല്കാലികമായി വിട്ട് പോകുന്ന വേദന വീണ്ടും വരുന്നത് പതിവായി. സലൂണിൽ ഏറെ നേരം നിൽക്കേണ്ടി വരുന്നതും വില്ലനായി. അതിനിടെ ജീവിതം മുനീറിനെ പ്രവാസിയുമാക്കി. വേദന കൂടുമ്പോൾ നാട്ടിലേക്ക് മടങ്ങി ചികിത്സ തേടുന്നതായിരുന്നു പതിവ് . അപ്രതീക്ഷിതമായി വടക്കാഞ്ചേരി ഓട്ടുപാറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിപ്പോയതോടെയാണ് മുനീറിൻറെ ജീവിതത്തിൽ മാറ്റത്തിൻറെ കാറ്റുവീശിയത്. ഓട്ടുപാറ സർക്കാർ ആശുപത്രിയിലെ ഡോക്ടർ സജീഷിൻറെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ മുനീറിൻറെ രോഗത്തെ പാടെ പിഴുതെറിഞ്ഞു.
തിരികെ കിട്ടിയ ജീവിതം അങ്ങനെ വെറുതെ കളയാൻ മുനീർ ഒരുക്കമായിരുന്നില്ല. ദുബായ് അൽ ബർഷയിലെ പബ്ലിക് പാർക്കിൽ ഓടാനെത്തിയിരുന്ന പഞ്ചാബി സുഹൃത്ത് പ്രചോദനമായി. പിന്നീടുള്ള ദിവസങ്ങളിൽ ഓട്ടം മുനീറിന് ആവേശമായി. സലൂണിലെ തിരക്കൊഴിയുന്ന നേരങ്ങൾ ഓട്ടത്തിനും വ്യായാമത്തിനുമായി ചെലവഴിച്ചു. പിന്നീട് കേരള റൈഡേഴ്സ് പരിശീലകൻ മോഹൻ ദാസിനൊപ്പമായി പരിശീലനം . ചിട്ടയായ പരിശീലനും ജീവിത ശൈലിയും മുനീറിനെ പുതിയൊരാളാക്കി മാറ്റി.
ഒടുവിൽ യുഎഇയിൽ നടന്ന കെടിഎൽ അയൺമാൻ മത്സരത്തിൽ 3.8 കിലോമീറ്റർ നീന്തലും 180 കിലോമീറ്റർ സൈക്ലിംഗും 42.3 കിലോമീറ്റർ ഓട്ടവും കടന്നാണ് അയൺമാനെന്ന സ്വപ്നപദവി മുനീർ സ്വന്തമാക്കിയത്. സമൂഹം ഏറെ അവഗണനയോടെ നോക്കി കണ്ടിരുന്ന ബാർബർ ജോലി ചെയ്തുകൊണ്ട് ഒരു ബാർബർക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന തെളിയിക്കുകയാണ് മുനീർ.ഖസാക്കിസ്ഥാനിൽ നടക്കുന്ന അയൺമാൻ മത്സരമാണ് അടുത്ത ലക്ഷ്യം.