പാസ്പോർട്ടിൽ ഒറ്റ പേരുമായി പാക്കിസ്ഥാനിൽ നിന്ന് യുഎഇയിലേക്ക് എത്തുന്ന യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദമില്ല. പാസ്പോർട്ടിലെ ‘ഫസ്റ്റ് നെയിം’ അല്ലെങ്കിൽ ‘ലാസ്റ്റ് നെയിം’ വിഭാഗത്തിൽ ഒരൊറ്റ പേരുള്ള യാത്രക്കാരെ യുഎഇയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സൗത്ത് ഏഷ്യൻ കാരിയർ അറിയിച്ചു.
എമിറേറ്റ്സിൽ പ്രവേശനം അനുവദിക്കുന്നതിനുള്ള യുഎഇയുടെ പുതുക്കിയ സിംഗിൾ നെയിം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒറ്റ പേരുള്ള പാസ്പോർട്ടുകൾ കൈവശമുള്ള യാത്രക്കാരെ രാജ്യം സ്വീകരിക്കില്ലെന്ന് പാകിസ്ഥാന്റെ സെറീൻ എയറും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
യുഎഇയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ദക്ഷിണേഷ്യൻ പൗരന്മാർ. അതിനാൽ തന്നെ പാകിസ്ഥാൻ-യുഎഇ സർവീസ് ഏറ്റവും തിരക്കേറിയ എയർ റൂട്ടുകളിലൊന്നാണ്. നേരത്തെ, ഒറ്റ പേരുള്ള യാത്രക്കാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ പാസ്പോർട്ടിലെ പേരുകൾ തിരുത്താൻ ഇന്ത്യൻ എയർലൈനുകളും യാത്രക്കാരോട് പറഞ്ഞിരുന്നു.