ദില്ലി: ഇന്ത്യയുടെ വിധി അൽപസമയത്തിനകം അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിക്കും. ആദ്യം പോസ്റ്റ് ബാലറ്റ് വോട്ടുകളും പിന്നീട് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളെ വോട്ടുകളും എണ്ണും. ഒൻപത് മണിയോടെ ആദ്യഫലസൂചനകൾ ലഭ്യമാകും. 11 മണിയോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും.
എക്സിറ്റ് പോളുകൾ പ്രവചിച്ച മൃഗീയ ഭൂരിപക്ഷം ബിജെപി ക്യാംപിൻ്റെ ആത്മവിശ്വാസം ഏറ്റുകയാണ്. ആഘോഷപരിപാടികൾക്കുള്ള ഒരുക്കങ്ങൾ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. രാഷ്ട്രപതി ഭവനുമായി ചേർന്ന് സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജൂൺ പത്തിനകം സത്യപ്രതിജ്ഞ നടത്താനാണ് ബിജെപിയുടെ നീക്കം. 8000 മുതൽ 10000 വരെ അതിഥികൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തും എന്നാണ് സൂചന.
മൂന്നാം മോദി സർക്കാരിൻ്റെ രൂപീകരണ ചർച്ചകൾ അണിയറയിൽ തുടങ്ങിയെന്ന വിവരവും ഇതിനോടകം വന്നിട്ടുണ്ട്. കാലാവധി പൂർത്തിയാക്കുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ മന്ത്രിസഭയിൽ ചേരുമെന്നാണ് സൂചന. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുന്നു. നിതീഷ് കേന്ദ്രമന്ത്രിസഭയിൽ ചേരുമെന്നും ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരുമെന്നുമുള്ള തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ദേവേന്ദ്ര ഫഡ്നാവിസ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ മൂന്നാം മോദി സർക്കാരിലെ നിർണായക പദവികളിലെത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. രണ്ടാം മോദിസർക്കാരിലെ അറുപത് ശതമാനം മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് ചില ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ക്യാബിനറ്റ് രൂപീകരണ ചർച്ചകളിലേക്ക് ബിജെപി കടന്നെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെയാണ് കോൺഗ്രസും ഇന്ത്യ മുന്നണി കക്ഷി നേതാക്കളും മുന്നോട്ട് പോകുന്നത്. ഇന്നലെ വൈകിട്ട് ചേർന്ന് ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം സാധ്യതയുള്ള സീറ്റുകളുടെ കണക്കെടുത്തു. 296 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്നാണ് വിവിധ പാർട്ടി നേതാക്കൾ നൽകിയ കണക്ക് വച്ച് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. വോട്ടെടുപ്പ് പൂർത്തിയാവും വരെ അതീവ ജാഗ്രതയോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്.