തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ താൻ ഇരയാക്കപ്പെട്ടുവെന്നും സംഭവത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും സി പി ഐ നേതാവ് വി എസ് സുനിൽകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും സുനിൽ കുമാർ പറഞ്ഞു.പൂരം അലങ്കോലമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണ്, എങ്ങനെ അലങ്കോലപ്പെട്ടു, സാഹചര്യമെന്താണ്, ഗൂഢാലോചനയെന്താണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരണം.
പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിനുപിന്നിലുള്ളത്. ഇന്നല്ലെങ്കിൽ നാളെ അക്കാര്യം പുറത്തുവരുമെന്നും സുനിൽകുമാർ വ്യക്തമാക്കി.’പോലീസിന്റെ കൃത്യവിലോപം ഉണ്ടായിട്ടുണ്ട്. രാവിലെയില്ലാത്ത കൃത്യവിലോപം വൈകീട്ട് എങ്ങനെയുണ്ടായെന്ന് മനസിലായിട്ടില്ല. 2.45- 3 മണി നേരത്ത് ബി.ജെ.പി. സ്ഥാനാർഥിയെ ആംബുലൻസിൽ കൊണ്ടുവരുന്നു, തൃശ്ശൂർ ജില്ലക്കാരല്ലാത്ത ആർ.എസ്.എസ്.
സംസ്ഥാന നേതാക്കളടക്കം പ്രത്യക്ഷപ്പെടുന്നു. ഇതൊക്കെ യാദൃച്ഛികമാണെന്ന് വിചാരിക്കുന്നുണ്ടോ? അന്ന് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടവർ ഇപ്പോഴെന്താണ് റിപ്പോർട്ട് പുറത്തുവരണമെന്ന് ആവശ്യപ്പെടാത്തത്? സത്യസ്ഥിതി പുറത്തുവരട്ടെ. പുതുതായി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തുവരണം’, അദ്ദേഹം ആവശ്യപ്പെട്ടു.