മസ്കറ്റ്: ഒമാനില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് മഴ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
ഒമാൻ്റെ വിവിധ മേഖലകളിലായി ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്നും ഇടി, മിന്നലിനും കാറ്റിനും ഒപ്പം ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധനമായും മഴ മുന്നറിയിപ്പുള്ളത്.
ചൊവ്വാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 15മുതൽ 35 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റുവീശുക. ബുധനാഴ്ച അൽഹജർ പർവ്വത നിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ച്മുതൽ 20 മില്ലിമീറ്റർവരെ മഴ പെയ്തേക്കും.