സിംഗപ്പൂരില്‍ റമദാന് വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നും നിന്നും ഇന്ത്യക്കാരായ മുസ്ലീം ദമ്പതികളെ വിലക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഫെയര്‍പ്രൈസ് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍. ജഹബര്‍ ഷാലിഹ്, ഭാര്യ ഫറ നാദ്യ എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. വിഭവങ്ങള്‍ ഇന്ത്യക്കാര്‍ക്കുള്ളതല്ലെന്ന് പറഞ്ഞാണ് വിലക്കിയത്.
നാഷണല്‍ ട്രേഡ്സ് യൂണിയന് കോണ്‍ഗ്രസ് നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ദമ്പതികളെ നോമ്പുതുറ വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സ്റ്റാഫ് തടഞ്ഞത്.
ജഹബര്‍ ഇന്ത്യക്കാരനും ഫറ ഇന്ത്യന്‍-മലയ് വംശജയുമാണ്. സംഭവത്തിന് പിന്നാലെ ഫറ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പോടെയാണ് വിവരം പുറംലോകമറിയുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ നോമ്പുതുറക്കുന്നതിനായി വിഭവങ്ങള്‍ വെച്ചിട്ടുണ്ടായിരുന്നു. അതുസംബന്ധിച്ച് വെച്ച ബോര്‍ഡ് വായിക്കുന്നതിനിടെയാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു സ്റ്റാഫ് വന്ന് ഇന്ത്യക്കാര്‍ക്കുള്ളതല്ലെന്നും മലയ് വംശജര്ക്കുള്ളതാണെന്നും പറഞ്ഞതെന്ന് ഫറ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിഷയത്തില്‍ ഫെയര്‍പ്രൈസ് ക്ഷമ ചോദിച്ചുവെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് വക്താവ് വ്യക്തമാക്കിയതായി ദ സ്ട്രെയ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദമ്പതികള്‍ പ്രശ്നം ഉന്നയിച്ച സമയം മുതല്‍ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും നിലവില്‍ മറ്റു പ്രശ്നങ്ങളില്ലെന്നും വക്താവ് പറഞ്ഞു.