സിനിമ കുടുംബജീവിതം തകർത്തെന്നും ബന്ധങ്ങൾ നിലനിർത്താൻ സാധിക്കാതായെന്നും നടൻ ഷൈൻ ടോം ചാക്കോ. വീട്ടിൽ പോകാതെയായിട്ട് നാളുകളായെന്നും എല്ലാവരോടുമുള്ള ബന്ധങ്ങളിലും താൻ പരാജിതനാണ്. മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ബന്ധങ്ങളിലും പരാജയമാണെന്ന് ഷൈൻ ടോം ചാക്കോ എഡിറ്റോറിയലിനോട് പറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ:
“ബന്ധങ്ങൾ നിലനിർത്തുന്നതിൽ ഞാൻ പരാജിതനാവുന്നത് ക്യാമറയ്ക്ക് മുന്നിൽ മികച്ച കഥാപാത്രമാകാൻ വേണ്ടിയാണ്. വീട്ടുകാർ എല്ലായിപ്പോഴും കൂടെ ഉണ്ടാവണമെന്നില്ല. പരിമിതികൾ ഉണ്ട്. സ്വയം സംതൃപ്തിപ്പെടുത്തുകയാണ് വേണ്ടത്. സിനിമ തിരക്കിൽ വീട്ടിൽ പോയിട്ട് നാളുകളായി. കാരണം അവർ പഠിപ്പിച്ചത് തിരക്കാകാൻ വേണ്ടിയാണ്. വീട്ടുകാരുമായി സംസാരിക്കാറുണ്ട്. പക്ഷേ, സംസാരിച്ച് ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കൾ ഒരിക്കലും ഹാപ്പിയല്ല”.
”മോഹൻലാലിന്റെ പഴയ അഭിനയം ഇപ്പോൾ കാണാനില്ല. പുതിയ സിനിമകളിൽ അദ്ദേഹം വെറും താരമായി മാറുന്നു, കഥാപാത്രമാകുന്നില്ല. താരം മാത്രമായി അദ്ദേഹത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിൽ അണിയറപ്രവർത്തകരാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ കഥാപാത്രങ്ങൾ ആവർത്തിക്കാറുണ്ട്. എന്നാൽ അത് കണ്ടെത്തുകയും നമ്മൾ കണ്ടുപിടിച്ച ട്രിക്ക് മറക്കേണ്ടതും നമ്മൾ തന്നെയാണ്. ഇഷ്ടപ്പെട്ടവർക്ക് സിനിമ വളരെ ഈസിയാണ്. ഞാനും അങ്ങനെയെത്തിയതാണ്. സിനിമയിലെത്തുന്നവർ വേതനം മാത്രം ലക്ഷ്യം വെക്കരുത്. പണം വേഗം തീരുന്നതാണ്. എന്നാൽ അഭിനയിച്ച കഥാപാത്രങ്ങൾ എക്കാലവും നിലനിൽക്കും.
വിമർശനങ്ങളാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. തന്റെ സംസാര ശൈലി തന്റേത് മാത്രമാണ്. ചില കഥാപാത്രങ്ങൾ ഇടക്ക് സംസാര രീതിയിൽ കടന്നുവരാറുണ്ട്. സിനിമക്ക് മുമ്പേയുള്ള ഒരു പ്രാക്ടീസ് ആണ് ഇന്റർവ്യൂവിലെ ശൈലിയും രീതിയുമെല്ലാം. മാധ്യമങ്ങൾ എന്നെ വേട്ടയാടുന്നില്ല. പക്ഷേ അവർ ചിന്തിക്കുന്നില്ല.
ഇന്ത്യയിൽ കഞ്ചാവ് കിട്ടുന്നത് കൊണ്ടല്ലേ വലിക്കുന്നത്. ഈ നിരോധിത വസ്തുക്കൾ കച്ചവടം ചെയ്യുമ്പോൾ പിടിക്കുന്നില്ല. ഉപയോഗിക്കുന്നവരെ മാത്രമാണ് പിടിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരല്ല ക്രിമിനൽ, അത് വിൽക്കുന്നവരാണ് യഥാർത്ഥ കുറ്റവാളികൾ.”