കോഴിക്കോട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ പുഴകളിൽ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വയനാട്ടിലും കണ്ണൂരിലും മണ്ണിടിച്ചിലുണ്ടായി. വയനാട്ടിൽ ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കോഴിക്കോട് – വയനാട് ദേശീയപാതയിൽ പലയിടത്തും വെള്ളം കയറി.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും നഗരമേഖലകളിലും ശക്തമായ മഴയാണ് രാവിലെ മുതൽ പെയ്തത്. ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ചാലിപ്പുഴയിലും കൈവഴികളിലുമെല്ലാം ജലനിരപ്പുയർന്നു. കോടഞ്ചേരി ചെമ്പു കടവ് പാലത്തിൽ വെള്ളം കയറി. പാലത്തിൽ വന്നടിഞ്ഞ തടിക്കഷ്ണങ്ങൾ ജെ സി ബി ഉപയോഗിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. താമരശ്ശേരി ടൌണിലും പരിസരപ്രദേശങ്ങളിലും സന്ധ്യയോടെ വെള്ളം കയറി.
കുറ്റ്യാടി മരുതോങ്കരയിൽ ശക്തമായ കാറ്റിൽ വൈദ്യുത ലൈനിൽ തെങ്ങ് വീണ് തീപിടിച്ചു. റോഡിൽ വാഹനങ്ങളിലാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. കരുവൻതുരുത്തി പെരവൻമാട് കടവിന് സമീപം തോണി മറിഞ്ഞു. തോണിയിൽ ഉണ്ടായിരുന്ന മൂന്നു പേരേയും നാട്ടുകാർ രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാർബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരേയും മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
വയനാട്ടിൽ പെയ്ത കനത്ത മഴയിൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കൈ മലയിലെ ജനവാസമില്ലാത്ത മേഖലയിലും മാനന്തവാടി ഹയർസെക്കൻററി സ്കൂൾ കൂവളം കുന്ന് റോഡിലും മണ്ണിടിച്ചിലുണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലേയും പുഞ്ചിരി മട്ടം കോളനിയിലേയും 7 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തൊള്ളായിരം കണ്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ അഡ്വഞ്ചർ പാർക്കുകളുടെ പ്രവർത്തനത്തിനും ട്രക്കിങ്ങിനും നിരോധനം ഏർപ്പെടുത്തി.
കണ്ണൂർ ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഇരിട്ടി വളവ് പാറയിലുണ്ടായ മണ്ണിടിച്ചിലിനെതുടർന്ന് കൂട്ടുപുഴ വള്ളിത്തോട് റോഡ് താത്കാലികമായി അടച്ചു. പാലത്തും കടവിൽ വീടിൻറെ മതിലിടിഞ്ഞു. കനത്ത മഴയിൽ പുന്നപ്പുഴ കരകവിഞ്ഞ് മലപ്പുറം മുപ്പിനിയിൽ പാലം മുങ്ങി. നിലമ്പുർ വെളിയന്തോട് റോഡിൽ വെള്ളം കയറി. കരിമ്പുഴയും ചാലിയാറും കരകവിഞ്ഞു ഒഴുകുകയാണ്.
മലപ്പുറത്ത് മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇടവേളകളില്ലാതെ പെയ്യുന്ന മഴയിൽ റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിൽ വ്യപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.നിലമ്പൂരിൽ പല മേഖലകളിലും വെള്ളം കേറി.
വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സാഹസിക വിനോദ സഞ്ചാരം ജില്ലാ കളക്ടർ നിരോധിച്ചു. 900 കണ്ടി ഉൾപ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിങ്ങ് പ്രവർത്തനങ്ങൾ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികൾ ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നില്ലെന്നത് പൊലീസും, ഗ്രാമപഞ്ചായത്ത് അധികൃതരും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. മലവെള്ള പാച്ചിലുള്ളതിനാൽ നാട്ടുകാരും വിനോദ സഞ്ചാരികളും വെള്ളച്ചാട്ടങ്ങളിലും പുഴയിലും ഇറങ്ങരുതെന്നും കളക്ടർ പറഞ്ഞു.
മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടം മേഖലകളിൽ ഇന്നലെ രാത്രിമുതൽ ശക്തമായ മഴയെ തുടരുകയാണ്. മുണ്ടക്കൈയിൽ മലമുകളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് താഴ് വാരങ്ങളിലെ ജലാശയങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നിട്ടുണ്ട്. വെള്ളം കലങ്ങിമറിഞ്ഞത് എത്തിയതോടെ നാട്ടുകാർ പുഴയോരത്ത് താമസിക്കുന്നവർക്കെല്ലാം മുന്നറിയിപ്പ് നൽകുകയായിരുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടങ്ങളിലും കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. റോഡിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതായാണ് വിവരങ്ങൾ.
പുലർച്ച തന്നെ മേപ്പാടി മേഖലയിൽ മഴ കനത്തിരുന്നു. ഇതോടെ വെള്ളാർമല വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, പുത്തുമല, മുണ്ടക്കൈ യു.പി സ്കൂൾ എന്നിവക്ക് ജില്ല ഭരണകൂടം പ്രാദേശിക അവധി നൽകി. ചൂരൽമല പ്രദേശത്ത് കനത്ത മഴ തുടർന്ന് താഴ്ന്നയിടങ്ങളിലെ റോഡുകളിൽ വെള്ളം കയറി. പുലർച്ചെ നാലിന് മുണ്ടക്കൈ മലയിൽ മണ്ണ് ഇടിച്ചിൽ ഉണ്ടായതായി വിവരമുണ്ട്. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ചൂരൽമല പുഴയിൽ പൊടുന്നനെ നീരൊഴുക്ക് ശക്തമാകുകയും വെള്ളത്തോടൊപ്പം മര കഷ്ണങ്ങൾ ഒഴുകി വന്നതായും പറയുന്നു.
മഴയിൽ മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കൂവളംകുന്നിലേക്ക് പോകുന്ന റോഡിന്റെ സൈഡിൽ പുഴയരികിലായി മണ്ണിടിഞ്ഞു. വെള്ളരിമല വില്ലേജിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇവിടെ നിന്ന് രണ്ട് കുടുംബങ്ങളെ ഏലവയൽ അംഗൻവാടിയിലേക്ക് മാറ്റി പാർപ്പിച്ചു. പുത്തുമല കാശ്മീർ ദ്വീപിലെ ഏതാനും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.