രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കെ മുരളീധരന് എം.പി. പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്നും അത് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
കേരളത്തിന്റെ അഭിപ്രായം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പരിപാടിയില്‍ ഒരിക്കലും പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കേന്ദ്ര ഘടകം തീരുമാനം എടുക്കും. വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസിന് സിപിഎം എടുക്കും പോലെ നിലപാട് എടുക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന് പറഞ്ഞു.
ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, അദ്ദേഹം ഭരണകര്‍ത്താവ്. ഒരു സ്ട്രക്ച്ചര്‍ ഇല്ലാതാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോണ്‍ഗ്രസ് പോകേണ്ട ആവശ്യമില്ല. മറ്റുക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ. എല്ലാവരുടെയും വികാരങ്ങള്‍ മാനിച്ചേ കോണ്‍ഗ്രസ് നിലപാട് എടുക്കൂ എന്നും മുരളീധരന് പറഞ്ഞു.
പ്രതിഷ്ഠാ ദിന ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേരള ഘടകം നിലപാട് വ്യക്തമാക്കുന്നത്. അതേസമയം സിപിഎം പ്രതിനിധികള്‍ പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. ക്ഷണം നിരസിച്ചുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു.