ആധുനിക കൃഷി രീതികൾ പഠിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ ബിജു കുര്യൻ നാളെ കേരളത്തിലേക്ക് തിരിച്ചെത്തും. കണ്ണൂർ, ഇരിട്ടി സ്വദേശിയാണ് ബിജു. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് പുറത്ത് വരുന്നവിവരങ്ങൾ.
ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിന് വേണ്ടി ഈ മാസം 12 നാണ് കേരള സർക്കാർ ഇസ്രായേലിലേക്ക് 27 പേർ അടങ്ങുന്ന സംഘത്തെ അയച്ചത്. എന്നാൽ ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി സംഘത്തിനൊപ്പം പുറത്തിറങ്ങിയപ്പോഴാണ് ബിജുവിനെ കാണാതായത്. ഭക്ഷണം ക്രമീകരിച്ചിരുന്നത് മറ്റൊരു ഹോട്ടലിലായിരുന്നു.
സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം ബിജു ജറുസലേം സന്ദർശിച്ചു. തൊട്ടടുത്ത ദിവസം ബെത്ലഹേമിലേക്ക് പോയി. ബെത്ലഹേമിൽ ഒരു ദിവസം ചെലവഴിച്ചതിന് ശേഷം കർഷക സംഘത്തിൽ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനുമായിരുന്നു ബിജുവിന്റെ പദ്ധതി. എന്നാൽ അപ്പോഴേക്കും കൃഷിരീതികൾ പഠിക്കാനെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
അതേസമയം കാണാതായത് മുതൽ ബിജുവുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രശ്നങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. എല്ലാവർക്കും പ്രയാസമുണ്ടാക്കിയതിൽ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉൾപ്പെടെയുള്ളവരോട് ബിജു ക്ഷമ ചോദിച്ചുവെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.