മുട്ടില്‍ മരംമുറി കേസില്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ച് റവന്യു വകുപ്പ്. മരം മുറിച്ചവരില്‍ നിന്നും സ്ഥലം ഉടമകളില്‍ നിന്നുമായി എട്ട് കോടി പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യു വകുപ്പ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇവര്‍ക്ക് വകുപ്പ് നോട്ടീസ് അയച്ചു.
35 കേസുകളിലായാണ് എട്ട് കോടി പിഴയീടാക്കാനുള്ള നടപടി. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കും.
മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴയൊടുക്കേണ്ടി വരിക. ഒരു മാസത്തിനകം പിഴ അടയ്ക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം സ്വത്ത് കണ്ടു കെട്ടല്‍ നടപടികളിലേക്ക് കടക്കും.
27 കേസിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. 300 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ചത്.