റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന മലയാളി ട്രക്ക് ഡ്രൈവർ ജോലിക്കിടെ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ജോലി ആവശ്യത്തിനായി സൗദ്ദിയിൽ നിന്നും ജോർദാനിൽ എത്തിയപ്പോൾ ആയിരുന്നു അപകടം. ഡ്രൈവിംഗിനെ ഇയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം.
മലപ്പുറം താനൂർ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിൻറെ മകൻ ഹബീബ് എന്ന അബിയാണ് മരിച്ചത്. 39 വയസ്സായിരുന്നു.
റിയാദിൽ നിന്നും 1300 കിലോമീറ്റർ അകലെ സൗദ്ദി അറേബ്യയുടെ വടക്കൻ അതിർത്തി പട്ടണമായ തുറൈഫിൽ ജോലി ചെയ്യുകയായിരുന്നു അബി.
ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമായി ജോർദാനിലേക്ക് പോയതായിരുന്നു. യാത്രാമധ്യേ ഇയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്യുകയായിരുന്നു. ജോർദാനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സക്കീനയാണ് അബിയുടെ മാതാവ്. ഷംനയാണ് ഭാര്യ. മെഹ്സിൻ, ഇസ്ര എന്നിവരാണ് മക്കൾ.