അബുദാബി: മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ രണ്ട് പതിറ്റാണ്ടില്‍ കൂടുതല്‍ അധ്യാപകരായി സേവനം ചെയ്ത മലപ്പുറം ജില്ലയില്‍ നിന്നുള്ള അധ്യാപകരെ ആദരിച്ചു. ലോക അധ്യാപക ദിനത്തിന്റെ ഭാഗമായാണ് യു.എ.ഇയിലെ വിവിധ എമിറേറ്റ്സുകളില്‍ സേവനം ചെയ്ത അധ്യാപകരെ ഒക്ടോബര്‍ 20ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് ആദരിച്ചത്.
തക് രീം, എ ഡേ ഓഫ് ഗ്രാറ്റിറ്റിയൂഡ് എന്ന പേരില്‍ ഗുരു വാര്യന്മാര്ക്ക് നല്കിയ ആദരം പരിപാടി ഗുരു ശിഷ്യ ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതിനും ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് അധ്യാപകര്‍ പകര്‍ന്നു നല്കുന്ന അറിവിന്റെ വെളിച്ചവും നല്ല കഴ്ചപ്പാടും വ്യക്തിത്വവികസനവും സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനായി.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ പുരോഗതിക്ക് മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ജില്ലയുടെ വിദ്യഭ്യാസ മുന്നേറ്റത്തിന് പാര്‍ട്ടിയും പൂര്‍വ്വ നേതാക്കളും ചെയ്ത സേവനങ്ങള്‍ തങ്ങള്‍ പറഞ്ഞു. യു.എ.ഇ കെഎംസിസി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹാ മുഖ്യപ്രാഭാഷണം നടത്തി.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ അസീസ് കാളിയാടനും നൗഷാദ് തൃപ്രങ്ങോടും മൊമെന്റൊ നല്കി ആദരിച്ചു. എംപിഎം റഷീദ്, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് അഷ്റഫ് പൊന്നാനി, ജനറല്‍ സെക്രട്ടറി സി.എച്ച് യുസുഫ്, ടി.കെ അബ്ദുല്‍ സലാം, ഹിദായത്തുള്ള, തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍ സ്വാഗതവും ജില്ലാ കെ.എം.സി.സി വിദ്യാഭ്യാസ വിഭാഗം ചെയര്മാന് സാല്‍മി പരപ്പനങ്ങാടി പരിപാടിയുടെ വിശദീകരണവും, ജില്ലാ കെ.എം.സി.സി ട്രഷറര്‍ അഷ്റഫ് അലി പുതുക്കുടി നന്ദിയും പറഞ്ഞു.
പ്രത്യേക അതിഥികളായെത്തിയ ബാല ശങ്കരന് മാഷും, ഹമീദ് മൗലവിയും ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റി.
22 അദ്ധ്യാപകരെ അബ്ബാസ് അലി തങ്ങള്‍ പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു. വിവിധ സ്കൂളുകളില്‍ നിന്നും വന്ന അധ്യാപകരും കുട്ടികളും പൊതു ജനങ്ങളും പരസ്പരം സ്നേഹവും ആശംസകളും കൈമാറി പരിപാടി ശ്രദ്ധേയമായി. പരിപാടിയില്‍ പ്രസംഗിച്ചവരും പങ്കെടുത്തവരും കെ.എം.സി.സിയുടെ ഈ വേറിട്ട പരിപാടിയെ പ്രത്യേകം പരാമര്‍ശിച്ചു.
പരിപാടിക്ക് മുന്നോടിയായി അധ്യാപകരെ കുറിച്ച് സ്മരിക്കാനുള്ള വീഡിയോ, പ്രബന്ധ രചന തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. കൂടാതെ വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങളും യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധവും സ്നേഹവും വിളിച്ചോതി വൈകുന്നേരം കുട്ടികള്‍ക്കായി നടത്തിയ ചിത്ര രചന, ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ അവരുടെ കഴിവുകള്‍ മാറ്റുരച്ചു. മലപ്പുറം ജില്ലയിലുള്ള അബുദാബി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സുരക്ഷാ സ്കീം ‘റഹ്മ’ പദ്ധതി പ്രഖ്യാപനവും അടുത്ത മാസം നടത്തുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനവും നടന്നു. ഹാരിസ് വിപി, ഷഹീര്‍ പൊന്നാനി തുടങ്ങിയവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.