തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. സിഗരറ്റ് വലിക്കാനായി ഇയാൾ ലൈറ്ററും ഒളിച്ചു കടത്തിയിരുന്നു.
ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനാണ് പിടിയിലായത്. വിമാനത്തിൻറെ ശുചിമുറിയിൽ നിന്ന് പുക ഉയർന്നതോടെ സുരക്ഷാ അലാം മുഴങ്ങുകയായിരുന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഇയാളെ പിടികൂടി. പിന്നീട് വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോൾ വലിയതുറ പൊലീസെത്തിയ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഴ്ചകൾക്ക് മുൻപ് മറ്റൊരു മലയാളിയേയും സമാനമായ കുറ്റകൃത്യത്തിന് പിടികൂടിയിരുന്നു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ 6E-1402 വിമാനത്തിൽ ആണ് മലയാളി യാത്രക്കാരൻ ശുചിമുറിയിൽ കയറി പുകവലിച്ചത്. 26 കാരനായ കണ്ണൂർ സ്വദേശിയാണ് അന്ന് പൊലീസിൻ്റെ പിടിയിലായത്.
വിമാനത്തിൽ പുകവലിച്ചതിന് എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 125 പ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.