കൊച്ചി: സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെ മാത്രമേ മാലിന്യമുക്തമായ ഒരു കൊച്ചിയെ സൃഷ്ടിക്കാനാകൂ എന്ന് ഹൈബി ഈഡന് എം.പി. കേരളത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ സായിഗ്രാമവും കൈറ്റ്സ് ഇന്ത്യയും ചേര്‍ന്ന് കൊച്ചി കോര്പ്പറേഷന്, ജി.സി.ഡി.എ, ശുചിത്വ മിഷന് എന്നിവയുടെ സഹകരണത്തോടെ കൊച്ചി നഗരത്തിലെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘കൊച്ചി പൂക്കുന്ന കാലം’ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരും തങ്ങളുടെ വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കാന്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ശ്രമിച്ചാല്‍ പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം എം.എല്‍.എ ടി ജെ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സായി ഗ്രാമത്തിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എന്‍ ആനന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി അനന്തുകൃഷ്ണന്, കൈറ്റ്സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ക്ലെയര്‍ സി ജോണ്‍, അജ്മല്‍ ചക്കരപ്പാടം എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ മാലിന്യം നിറഞ്ഞ നൂറ് പൊതുസ്ഥലങ്ങള്‍ ഏറ്റെടുത്തു ശുചീകരിച്ചു ചുമര്‍ചിത്രങ്ങള്‍ വരച്ചും പൂന്തോട്ടം നിര്‍മിച്ചും മനോഹരമാക്കുകയും ഇരിപ്പിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മറൈന്‍ ഡ്രൈവിലെ 500 മീറ്റര്‍ നീളം വരുന്ന മതിലില്‍ ഇതിനോടകം തന്നെ നൂറിലധികം വളണ്ടിയര്‍മാര്‍ ചേര്‍ന്ന് വൃത്തിയാക്കുകയും ചിത്രങ്ങള്‍ വരച്ച് മനോഹരം ആക്കുകയും ചെയ്തിട്ടുണ്ട്.