കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവത്കരിക്കുന്നു. രണ്ട് വർഷത്തിനകം കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്നാണ് കേന്ദ്രവ്യോമയാനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് കരിപ്പൂർ സ്വകാര്യവത്കരിക്കുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ എംപിയെ വ്യോമയാന സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പ് നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതേ മാതൃകയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 25 വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ സംരംഭകർക്ക് കൈമാറാനാണ് തീരുമാനം. ഈ പട്ടികയിലാണ് കരിപ്പൂർ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിലുള്ള ചില വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ, നാഗ്പൂർ, വാരണാസി, വിജയവാഡ, ഭോപ്പാൽ, ഡെറാഡൂൺ, ട്രിച്ചി, ഇൻഡോർ, കോഴിക്കോട്, കോയമ്പത്തൂർ, ഭുവനേശ്വർ, പട്ന, മധുരൈ, തിരുപ്പതി, റാഞ്ചി, ജോധ്പൂർ, റായ്പൂർ, രാജമുണ്ട്രി, വഡോദര, അമൃത്സർ, സൂറത്ത്, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ.. എന്നിവയും സ്വകാര്യവത്കരണത്തിൻ്റെ പട്ടികയിലുണ്ട്.
മൂന്ന് വർഷം മുൻപുണ്ടായ വിമാനാപകടത്തിന് ശേഷം കോഴിക്കോട്ടേക്കുള്ള വലിയ വിമാനങ്ങളുടെ സർവ്വീസ് എയർപോർട്ട് അതോറിറ്റി നിർത്തി വച്ചിരിക്കുകയാണ്. റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ മെല്ലെപ്പോക്കിനെ ചൊല്ലി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ ഭിന്നത രൂക്ഷമാണ്. സെപ്തംബർ ഒന്നിനകം റൺവേ വികസനത്തിന് സ്ഥലമേറ്റെടുത്ത് തന്നില്ലെങ്കിൽ റൺവേയുടെ നീളം കുറയ്ക്കുമെന്നും നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.
അതേസമയം സർക്കാർ ചിലവിൽ ഭൂമിയേറ്റെടുത്ത് നൽകിയ ശേഷം വിമാനത്താവളം സ്വകാര്യവത്കരിക്കാനാണ് കേന്ദ്രത്തിൻ്റെ പദ്ധതിയെന്ന് നേരത്തെ വിവിധ സംഘടനകൾ ആരോപിച്ചിരുന്നു. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരാണ് ഇടതുമുന്നണി സർക്കാരിൻ്റെ നിലപാട്. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണത്തിനെതിരെ നേരത്തെ സർക്കാർ രംഗത്ത് വരികയും ടെണ്ടറിൽ പങ്കെടുത്ത് വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും കൂടിയ തുക ബിഡ് ചെയ്ത് അദാനി ഗ്രൂപ്പ് കരാർ നേടിയെടുത്തു. എൽഡിഎഫും യുഡിഎഫും വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരായിരുന്നുവെങ്കിലും തിരുവനന്തപുരം എംപി ശശി തരൂർ ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു.