ദുബായ്: വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ യുഎഇയിലെ പർവതമേഖലകളിലേക്കും താഴ്വരകളിലേക്കുമുള്ള എല്ലാ റോഡുകളും അടച്ചിട്ടു. കാലാവസ്ഥ സാധാരണ നിലയിലെത്തും വരെ ഈ മേഖലയിൽ സന്ദർശക വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ എമിറേറ്റുകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ചില മേഖലകളിൽ മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയും കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാത്രിയുമായിരിക്കും ഏറ്റവും മോശം കാലാവസ്ഥ.
അൽ ദഫ്രയിലും അൽ ഐനിലുമായിരിക്കും ആദ്യഘട്ടത്തിൽ കനത്ത മഴയെത്തുക. പിന്നീട് അബുദാബിയിലേക്കും ഇതരമേഖലകളിലും മഴയും മിന്നലും വ്യാപിക്കും. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മൽ ഖ്വയ്ൻ, ഫുജൈറ, റാസ് അൽ ഖൈമ എന്നീ എമിറേറ്റുകളിലെല്ലാം മഴയെത്താൻ സാധ്യതയുണ്ട്. എന്നാൽ ഞായറാഴ്ച വൈകിട്ടോടെ കാലാവസ്ഥ മെച്ചപ്പെടും.
“അത്യാവശ്യ” സാഹചര്യങ്ങളിലൊഴികെ ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും നിർദേശമുണ്ട്. ആളുകൾ ജലാശയങ്ങളിൽ ഇറങ്ങുന്നതും വിലക്കിയിട്ടുണ്ട്.
രാജ്യത്ത് നിലവിലുള്ള നിയമം പ്രകാരം മഴയുള്ള കാലാവസ്ഥയിൽ താഴ്വരകൾ, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾ, അണക്കെട്ടുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടിയാൽ 1,000 ദിർഹം വരെ പിഴ ചുമത്തും. വെള്ളപ്പൊക്കമുള്ള താഴ്വരയിൽ പ്രവേശിക്കുന്നത് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടലും ശിക്ഷയായി വിധിക്കുന്ന കുറ്റമാണ്.
രാജ്യത്തെ പോലീസ്, റെസ്ക്യൂ ഉദ്യോഗസ്ഥർ, പാരാമെഡിക്കുകൾ, സിവിൽ ഡിഫൻസ് എന്നിവ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.