മലബാറിൻ്റെ യാത്ര സ്വപ്നങ്ങൾക്ക് കുതിപ്പാകുമെന്ന പ്രതീക്ഷിച്ച കണ്ണൂർ വിമാനത്താവളം മുന്നോട്ട് നീങ്ങാനാവാതെ കിതയ്ക്കുന്നു. സർവ്വീസുകൾ പലതും നിന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് കണ്ണൂർ വിമാനത്താവളം നീങ്ങുന്നത്. വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താൻ കേന്ദ്രം അനുമതി നൽകാത്തതാണ് കണ്ണൂരിനെ ആളും തിരക്കുമില്ലാത്ത വിമാനത്താവളമാക്കി മാറ്റുന്നതെന്നാണ് വിമർശനം.
2018 ഡിസംബർ ഒൻപതിനാണ് കണ്ണൂരിൽ നിന്നും ആദ്യയാത്രാവിമാനം സർവ്വീസ് ആരംഭിച്ചത്. 2019 ഒക്ടോബർ ആകുമ്പോഴേക്കും കണ്ണൂരിലെ പ്രതിദിന സർവ്വീസുകൾ അൻപതിലേക്ക് ഉയർന്നു. ആഴ്ചയിൽ 65 രാജ്യാന്തര സർവ്വീസുകൾ വരെ ഈ സമയത്ത് കണ്ണൂരിലുണ്ടായിരുന്നു. എന്നാൽ അഞ്ച് വർഷം കഴിയുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൻ്റെ വളർച്ച താഴേക്കാണ്. ഗോഫസ്റ്റ് എയർലൈൻസ് കമ്പനി പ്രതിസന്ധിയിലായതും എയർഇന്ത്യയുടെ പിന്മാറ്റവും ഒരേ പോലെ കണ്ണൂരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. വിദേശ വിമാനങ്ങൾക്ക് നേരിട്ട് സർവ്വീസ് നടത്താൻ ആവശ്യമായ പോയിൻ്റെ ഓഫ് കോൾ പദവി കിട്ടാതെ പോയതും കണ്ണൂരിന് തിരിച്ചടിയായി.
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഗോഫസ്റ്റ് എയർലൈൻസ് പ്രതിസന്ധിയിലായതാണ് കണ്ണൂരിനേറ്റ ആദ്യത്തെ അടി. മാസത്തിൽ 240 സർവ്വീസുകളാണ് ഗോഫസ്റ്റ് കണ്ണൂരിലേക്ക് നടത്തിയിരുന്നത്. പ്രതിസന്ധിയിലായ എയർലൈൻ കമ്പനി പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതോടെ കണ്ണൂരിന് അത് കനത്ത ആഘാതമായി മാറി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയുള്ള ലയന നടപടികളുടെ ഭാഗമായി കണ്ണൂരിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവ്വീസ് എയർഇന്ത്യ പിൻവലിച്ചതായിരുന്നു അടുത്ത പണി.
കണ്ണൂർ മെട്രോ നഗരവിഭാഗത്തിൽപ്പെട്ടതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പോയിൻ്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നിഷേധിക്കുന്നത്. ഈ പദവി കിട്ടിയാൽ വിദേശവിമാനക്കമ്പനികൾക്ക് കണ്ണൂരിലേക്ക് സർവ്വീസ് നടത്താൻ സാധിക്കും. എന്നാൽ രാജ്യത്ത് പുതുതായി വന്ന വിമാനത്താവളങ്ങൾക്കൊന്നും ഈ പദവി അനുവദിച്ചു കിട്ടിയിട്ടില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നിലവിൽ എയർഇന്ത്യ എക്സപ്രസ്സും, ഇൻഡിഗോയും മാത്രമാണ് കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്നത്. സർവ്വീസുകൾ കുറഞ്ഞത് കണ്ണൂരിൻ്റെ വരുമാനത്തേയും മത്സരക്ഷമതയേയും ബാധിച്ചിട്ടുണ്ട്. കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്കുകളിലുണ്ടായ വർധനയിൽ ഇത് വ്യക്തമാണ്. എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, സിഐഎസ്എഫ് ജീവനക്കാർക്കെല്ലാം ശമ്പളം നൽകാൻ മാത്രം മാസം 1.25 കോടി രൂപ കിയാൽ ചെലവാക്കണം. കണ്ണൂർ ഇല്ലെങ്കിൽ കരിപ്പൂരും മംഗലാപുരവുമാണ് വടക്കേ മലബാറുകാരുടെ ഇപ്പോഴത്തെ ആശ്രയം. എന്നാൽ റൺവേ വികസനത്തിന് സ്ഥലമേറ്റെടുത്ത് കൊടുക്കാത്തതിനാൽ ആഗസ്റ്റ് മുതൽ കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം കേരള സർക്കാരിന് അറിയിച്ചിട്ടുണ്ട്. നിലവിൽ വലിയ വിമാനങ്ങൾ ഇറങ്ങാത്ത കരിപ്പൂരിൽ റൺവേയുടെ നീളം ഇനിയും കുറച്ചാൽ സർവ്വീസുകൾ പലതും നിർത്തേണ്ട ഗതിയാവും. ഫലത്തിൽ വ്യോമഭൂപടത്തിൽ മലബാറിൻ്റെ സ്ഥാനം തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.