പ്രതിവർഷം അഞ്ചു ലക്ഷം കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. 2025 ആവുമ്പോഴേക്കും കുടിയേറ്റക്കാരുടെ എണ്ണം ഓരോ വർഷവും അഞ്ചു ലക്ഷമാക്കുക എന്ന ലക്ഷ്യമാണ് കാനഡയ്ക്കുള്ളതെന്ന് കുടിയേറ്റ മന്ത്രി സ്വീൻ ഫ്രേസർ വ്യക്തമാക്കി. കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതിനാലാണ് ഈ നടപടി.
പരിചയസമ്പത്തുള്ള തൊഴിലാളികളെ പെർമനന്റ് റെസിഡന്റ് ആക്കാനാണ് തീരുമാനം. അതേസമയം കാനഡയിലെ പ്രതിപക്ഷമായ കൺസെർവേറ്റിവ് പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും കാനഡയിലേക്ക് 2023ൽ 4.6 ലക്ഷം പേരായിരിക്കും എത്തുക. 2025 ൽ ഇത് അഞ്ചു ലക്ഷമായി വർധിക്കും.
കഴിഞ്ഞ വർഷം 4.5 ലക്ഷം പേരാണ് കാനഡയിലേക്ക് കുടിയേറിയിട്ടുള്ളത്. അതേസമയം നിലവിൽ കാനഡയിൽ 10 ലക്ഷത്തോളം തൊഴിലാവസരങ്ങളാണുള്ളത്. തൊഴിലാളിക്ഷാമം കാരണം നിർമ്മാണ മേഖലയുൾപ്പെടെയുള്ള തൊഴിൽ മേഖലകൾ വലിയരീതിയിലുള്ള പ്രതിസന്ധി നേരിടുകയാണ്.