മേപ്പാടി: വയനാട്ടിലെ ദുരന്തമേഖലയിൽ ഭക്ഷണവിതരണത്തെ ചൊല്ലി തർക്കവും പ്രതിഷേധവും രാഷ്ട്രീയ വിവാദവും. ഭക്ഷണവിതരണത്തിൽ നിന്നും മുസ്ലീം ലീഗിൻ്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡിനെ വിലക്കിയതാണ് വിവാദങ്ങൾക്ക് കാരണമായത്. പുറത്തു നിന്നുള്ള സന്നദ്ധ സംഘടനകളെ ഒഴിവാക്കി സർക്കാർ എല്ലാവർക്കും സ്വന്തം നിലയിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യും എന്നായിരുന്നു അറിയിച്ചതെങ്കിലും ഇന്ന് രക്ഷാപ്രവർത്തനത്തിന് പോയ പലർക്കും ഭക്ഷണം കിട്ടാതെ വന്നത് വിമർശനത്തിനും പിന്നീട് പ്രതിഷേധത്തിനും കാരണമായി.
ക്യാംപുകളിലും രക്ഷാപ്രവർത്തനത്തിന് എത്തിയ സൈനികർക്കും പൊലീസുകാർക്കും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും പുറത്ത് നിന്നുള്ളവരുടെ അനധികൃത പണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ വിശദീകരണം. പുറത്തു നിന്നുള്ളവർ ഭക്ഷണം എത്തിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ അറിയിപ്പ് കൊടുത്തതാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന അടക്കം കഴിഞ്ഞുള്ള ഭക്ഷണമാണ് നിലവിൽ വിതരണം ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
എന്നാൽ ഇന്ന് ഉച്ചയോടെ തന്നെ രക്ഷാപ്രവർത്തകർ പലരും ഭക്ഷണമോ കുടിവെള്ളമോ പോലും കിട്ടിയില്ലെന്ന പരാതിയുമായി രംഗത്ത് എത്തി. ഇതോടെ വിഷയത്തിൽ ഇടപെട്ട റവന്യു മന്ത്രി കെ.രാജൻ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ വൈകുന്നേരമായിട്ടും ഭക്ഷണമോ വെള്ളമോ കിട്ടിയിട്ടില്ലെന്നും കാലാവധി തീർന്ന ബ്രഡ് അടക്കമാണ് കഴിക്കാൻ കിട്ടിയതെന്നും പല രക്ഷാപ്രവർത്തകരും പരാതിപ്പെടുന്നു.