അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാന നഗരിയിലെ വസീർ അക്ബർ ഖാൻ പള്ളിയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്ക് പറ്റിയതായി കാബൂളിലെ ആശുപത്രി പ്രവർത്തിക്കുന്ന ഇറ്റാലിയൻ സർക്കാരിതര സംഘടന പറഞ്ഞു. 2020 ൽ താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുൻപ് നിരവധി എംബസികൾ പ്രവർത്തിച്ചിരുന്ന ഗ്രീൻ സോണിനടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.
താലിബാൻ അംഗങ്ങൾ പതിവായി നമസ്കരിക്കാനെത്തുന്നത് ഈ പള്ളിയിലാണ്. അവർ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തിറങ്ങി നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഫോടനമുണ്ടായി. അതേസമയം കാബൂൾ പോലീസ് വക്താവ് ഖാലിദ് നദാൻ സ്ഫോടനവും ആളപായവും സ്ഥിരീകരിച്ചെങ്കിലും മറ്റ് വിശദ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ വർഷം ഇതേ പള്ളിയിൽ സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് പള്ളിയിലെ ഇമാം കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം കാബൂളിലും മറ്റ് നഗരങ്ങളിലുമായി നിരവധി സ്ഫോടനങ്ങളും ആക്രമണങ്ങളും നിരന്തരമായി നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഈ വർഷം ആദ്യം നടന്ന ചാവേർ ആക്രമണത്തിൽ റഷ്യൻ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.