തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത് ബിജെപിയുമായി ബന്ധമുണ്ടെന്ന് ബോധ്യമുളളത് കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ഇ.പി. ജാവഡേക്കറെ കണ്ടത് എന്ന ആരോപണം വീണ്ടും ഉന്നയിച്ച പ്രതിപക്ഷ നേതാവ്, കേന്ദ്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസുകൾ ദുർബലപ്പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്നും ആരോപിച്ചു.
പ്രകാശ് ജാവഡേക്കറെ കണ്ടാൽ എന്താ പ്രശ്നം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറെ കാണുന്നത്? ഇപ്പോൾ അദ്ദേഹം കേന്ദ്രമന്ത്രിയൊന്നുമല്ലാല്ലോ. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള ആളാണ്. പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്.
ഇപി ജയരാജൻ എന്തിനാണ് അദ്ദേഹത്തെ കാണുന്നത്? പോയ വഴിക്ക് വീട്ടിൽ കയറിയതാണെന്നാണ് പറഞ്ഞത്. പോയ വഴിക്ക് ഇവരാരും ഞങ്ങളുടെ വീട്ടിൽ കയറിയില്ലാല്ലോ എന്നും വി.ഡി. സതീശൻ പറഞ്ഞു.