കെ ഫോൺ പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തിലെല്ലായിടത്തും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. നമ്മുടെ നാട്ടിൽ ഡിജിറ്റൽ ഡിവൈഡ് നടക്കുന്നില്ലായെന്ന് ഉറപ്പു വരുത്താൻ കെ ഫോൺ പദ്ധതി പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“നമ്മുടെ നാട്ടിൽ 50 % ആളുകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 % സ്ത്രീകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ലഭ്യതയുള്ളത്. ഗ്രാമങ്ങളിൽ അത് 25 % മാത്രമാണ്. ആദിവാസി ഗ്രാമങ്ങളിലും ഇന്റർനെറ്റ് ലഭ്യതയില്ല. അത്രമേൽ ആഴത്തിലാണ് കേരളത്തിൽ ഡിജിറ്റൽ ഡിവിഡി നിലനിൽക്കുന്നത്”- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലയോര മേഖലകളിലുള്ളവർക്കും ആദിവാസി ഗ്രാമങ്ങളിലുള്ളവർക്കും കെ ഫോൺ പ്രയോജനപ്പെടും. ടൂറിസം, വിദ്യാഭ്യാസം, വർക് അറ്റ് ഹോം, തുടങ്ങിയവയ്ക്കും കെ ഫോൺ പ്രയോജനകരമായിരിക്കും. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഇന്റർനെറ്റ് ഉപയോഗം അനിവാര്യമാണ്. കൂടാതെ കോർപ്പറേറ്റുകൾക്കെതിരെയുള്ള ജനകീയ ബദലാണ് കെ ഫോൺ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും ഗ്രാമ-നഗര വത്യാസമില്ലാതെ ഉയർന്ന നിലവാരത്തിലും ഒരേ ഗുണമേന്മയിലുമായിരിക്കും കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുക.