ദില്ലി: രാജ്യത്തെ ഞെട്ടിച്ച ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ സുപ്രീംകോടതിയിൽ നിന്നും ബിജെപിക്ക് വൻ തിരിച്ചടി . മേയർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീംകോടതി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി – കോൺഗ്രസ് സഖ്യം ജയിച്ചതായും ആം ആദ്മിയുടെ കുൽദീപ് കുമാർ യാദവ് മേയറാകുമെന്നും വിധിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി തന്നെ ശ്രമിച്ചെന്ന് കണ്ടെത്തിയ സുപ്രീംകോടതി, കോടതിയെ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് കൂടിയായ വരണാധികാരി അനിൽ മസിക്കെതിരെ നടപടിക്കും നിർദ്ദേശിച്ചു.
ബാലറ്റുകളെല്ലാം ചട്ടപ്രകാരം വോട്ട് രേഖപ്പെടുത്തിയവയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി വരണാധികാരിയായ അനിൽ മസി ബാലറ്റിൽ കുത്തിവരച്ചതാണെന്നും സുപ്രീംകോടതി കണ്ടെത്തി. ഗുരുതരമായ പ്രവൃത്തിയാണ് ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായതെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ആരേയും അനുവദിക്കില്ലെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
നഗരസഭയിൽ ആംആദ്മി പാർട്ടി -കോൺഗ്രസ് സഖ്യത്തിന് ഇരുപത് അംഗങ്ങളുണ്ട്. ബിജെപിക്ക് കിരൺഖേറിന്റെയും അകാലിദളിൻറെ ഒരംഗത്തിൻെയും വോട്ടു കൂടി ചേർക്കുമ്പോൾ 16 പേരുടെ പിന്തുണയാണുള്ളത്. എന്നാൽ എട്ട് കൗൺസിലർമാരുടെ വോട്ട് അസാധുവാക്കിയാണ് ബിജെപി മേയർ സ്ഥാനം ജനുവരി മുപ്പതിന് പിടിച്ചെടുത്തത്. വരണാധികാരിയായ ബിജെപി നോമിനേറ്റഡ് കൗൺസിലർ അനിൽ മസിഹ് ബാലറ്റുകളിൽ വരച്ച് വികൃതമാക്കി ഇത് അസാധുവാക്കിയതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന് മുമ്പാകെ ഇന്നലെ ഹാജരായ അനിൽ വസിഹ് ബാലറ്റുകളിൽ താൻ ഗുണന ചിഹ്നമിട്ടു എന്ന് സമ്മതിച്ചു. അസാധുവായ ബാലറ്റുകൾ തിരിച്ചറിയാൻ ഇത് ചെയ്തെന്നായിരുന്നു വാദം. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസിൽ വാദം കേൾക്കുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ബിജെപി മേയർ മനോജ് സോൻകർ രാജിവച്ചിരുന്നു. എന്നാൽ ആംആദ്മി പാർട്ടിയുടെ മൂന്ന് കൗൺസിലർമാരെ കാലുമാറ്റി ബിജെപി നഗരസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കി. ഇപ്പോൾ കാണുന്ന കുതിരകച്ചവടം അത്യന്തം ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഇന്നലെ കേസ് പരിഗണിക്കവേ വാക്കാൽ നിരീക്ഷിച്ചു.
ബിജെപി നടത്തിയത് വൃത്തികെട്ട തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും സുപ്രീംകോടതി ജനാധിപത്യത്തെ രക്ഷിച്ചുവെന്നും കോണ്ഗ്രസ് പ്രതികരിച്ചു. ചണ്ഡീഗഡിലേത് മോദി-അമിത് ഷാ ഗൂഢാലോചനയുടെ മഞ്ഞ്മലയുടെ അറ്റം മാത്രമാണിത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് നിർണായകമെന്നും മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു